Enter your Email Address to subscribe to our newsletters

Kerala, 7 ഡിസംബര്‍ (H.S.)
കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിലും ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണക്കിടെ പല ആവശ്യങ്ങളുന്നയിച്ച് തൊണ്ണൂറോളം ഹർജികളാണ് ദിലീപ് സുപ്രിംകോടതി വരെ ഫയൽ ചെയ്തത്. നടിയും കോടതികയറി ഇറങ്ങിയതിന് കയ്യും കണക്കുമില്ല. 5 തവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെ തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. രണ്ട് പ്രോസിക്യൂട്ടർമാർ പിൻമാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിപോലും സംശയ നിഴലിലായി.
2017 ൽ കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് ഇരുപത് ഹര്‍ജികളാണ്. സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത് തടയണം അങ്ങനെ തുടങ്ങി നിരവധി ഹർജികളാണ് കോടതിയിലെത്തിയത്. 2020 ല്‍ വിചാരണ തുടരവെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലും പോയി. ഒടുവില്‍ ഹര്‍ജി തന്നെ പിന്‍വലിച്ചു.
ബാലചന്ദ്ര കുമാറിന്‍റെ മൊഴിപ്രകാരം കോടതി ഉത്തരിവട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യ ഹർജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്‍റെ പകര്‍പ്പ് വേണമെന്നായി. ഒടുവില്‍ ദിലീപിന്‍റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇത് മുൻനിർത്തിയും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല.
---------------
Hindusthan Samachar / Roshith K