Enter your Email Address to subscribe to our newsletters

New delhi, 8 ഡിസംബര്‍ (H.S.)
ഇന്‍ഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികള്‍ക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു. സ്ഥിതിഗതികള്‍ നിസ്സാരമായി കാണുന്നില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി രാജ്യ സഭയില്‍ പറഞ്ഞു. ഇന്‍ഡിഗോയുടെ ആഭ്യന്തര പ്രശ്‌നം മൂലമാണ് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതും ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പൈലറ്റുമാരുടേയും യാത്രക്കാരുടേയും ക്രൂ അംഗങ്ങളുടേയും കാര്യത്തില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണെന്ന കാര്യം എല്ലാ വ്യോമയാന കമ്പനികളോടും വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ജോലിക്രമം തീരുമാനിക്കേണ്ടത് ഇന്‍ഡിഗോ ആയിരുന്നു. യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. ഇത് നിസ്സാരമായി കാണുന്നില്ല. കടുത്ത നടപടി ഉണ്ടാകും. എല്ലാ വിമാനക്കമ്പനികള്‍ക്കും ഒരു മാതൃക സൃഷ്ടിക്കും. ഏതെങ്കിലും തരത്തില്‍ നിയമലംഘനം ഉണ്ടായാല്‍ നടപടിയെടുക്കും'', മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ഇന്‍ഡിഗോ വിഷയത്തില്‍ കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ അഞ്ച് വിമാനക്കമ്പനികള്‍ രാജ്യത്ത് ഉണ്ടാകുമെന്ന സൂചനയും മന്ത്രി നല്‍കി. വ്യോമയാന മേഖലയില്‍ കൂടുതല്‍ പ്രധാനികളെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ച് പ്രധാന വിമാനക്കമ്പനികള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ നടപ്പാക്കുന്നതില്‍ പാളിച്ച വന്നതോടെയാണ് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താളം തെറ്റിയത്. നിരവധി യാത്രക്കാരാണ് ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. വീഴ്ച സംഭവിച്ചത് ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് നേരത്തെ സമ്മതിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S