Enter your Email Address to subscribe to our newsletters

Kochi, 8 ഡിസംബര്‍ (H.S.)
കേരളത്തിലെ നിയമ രംഗത്തെ പത്ത് തലയുള്ള രാവണനായി കരുതുന്ന വക്കീലാണ് ബി രാമന്‍പിള്ള. നടിയെ ആക്രമിച്ച കേസില്‍ നിന്ന് എട്ടാം പ്രതി ദിലീപിനെ പുഷ്പം പോലെ ഊരിയെടുത്തതിനു പിന്നില്‍ 77 കാരനായ രാമന്‍പിള്ള വക്കീലിന്റെ കൂര്‍മ്മ ബുദ്ധി ഒന്നു മാത്രമാണ്. കേസില്‍ മുഴുവന്‍ ദിവസും രാമന്‍പിള്ള നേരിട്ട് തന്നെയാണ് വിചാരണ നടത്തിയത്.
കേസിന്റെ ആദ്യഘട്ടത്തില്‍ അഡ്വ. രാംകുമാറായിരുന്നു ദിലിപിന്റെ അഭിഭാഷകന്‍. കേസ് രാമന്‍പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് ജാമ്യം പോലും കിട്ടിയത്. ദിലീപിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാമന്‍പിളള ഉയര്‍ത്തിയ വാദങ്ങള്‍ പലകുറി പ്രോസിക്യൂഷനുമായുളള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. മുമ്പ് കാവ്യമാധവന്റെ വിവാഹ മോചനക്കേസില്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കു വേണ്ടി ഹാജരായത് അദ്ദേഹമായിരുന്നു.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ക്രിമിനല്‍ അഭിഭാഷകരില്‍ പത്തരമാറ്റ് വിലയുള്ള പ്രമുഖനാണ് രാമന്‍പിള്ള. പോളക്കുളം കേസിലെ വാദങ്ങളിലൂടെയാണ് ശ്രദ്ധയില്‍ എത്തിയത്. അഭയ കേസിലും, ചേകന്നൂര്‍ കേസ്, ബിഷ്പ്പ് ഫ്രാങ്കോ മുളയക്കല്‍, ടിപി ചന്ദ്രശേഖരന്‍ വധം തുടങ്ങി നിരവധി കേസുകളിലെല്ലാം ഈ അഭിഭാഷകന്‍ പ്രതികള്‍ക്കായി ഹാജരായിരുന്നു. രാമന്‍പിള്ളയുടെ ക്രോസ് വിസ്താരം തന്നെ നിയമ കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാണ്.
---------------
Hindusthan Samachar / Sreejith S