Enter your Email Address to subscribe to our newsletters

Kerala, 8 ഡിസംബര്‍ (H.S.)
ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്ത് പൊലീസ്. മുൻ എംഎൽഎയും സിപിഎം സഹയാത്രികനും ആണ് പി ടി കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം കന്റോൾമെൻറ് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.
മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി പിന്നീട് കൂടുതൽ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതിയിൽ ചലച്ചിത്ര പ്രവർത്തക ചൂണ്ടിക്കാണിച്ചത്.
അതേസമയം, പരാതി പി ടി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. 25 വർഷമായി പൊതുരംഗത്തുള്ള ആളാണ് താനെന്നും ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും അവർ തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Roshith K