Enter your Email Address to subscribe to our newsletters

Mumbai, 8 ഡിസംബര്‍ (H.S.)
കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി യാത്രക്കാരെ വലച്ച വ്യോമയാന പ്രതിസന്ധിക്ക് പിന്നാലെ, ഇൻഡിഗോ എയർലൈൻസ് ഇതുവരെയായി 827 കോടി രൂപ റീഫണ്ട് നൽകി. പ്രതിസന്ധി ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി 4,500 ബാഗേജുകൾ യാത്രക്കാർക്ക് തിരികെ നൽകിയതായും ബാക്കിയുള്ളവ 36 മണിക്കൂറിനുള്ളിൽ കൈമാറുമെന്നും എയർലൈൻ അറിയിച്ചു.
പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോയ്ക്ക് 500 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ, ശനിയാഴ്ച 1,500-ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650-ഓളം വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചു.
രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ ഏകദേശം 65% നിയന്ത്രിക്കുന്ന ഇൻഡിഗോ, 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു. ഇന്ന് 1,802 സർവീസുകൾ നടത്തുമെന്ന് എയർലൈൻ അറിയിച്ചു. ഇന്ത്യൻ ആഭ്യന്തര വിമാന സർവീസുകളിലെ പ്രധാനിയായ ഇൻഡിഗോ, വിമാനങ്ങളുടെ കുറവും മറ്റ് പ്രവർത്തന പ്രശ്നങ്ങളും കാരണമാണ് പ്രതിസന്ധി നേരിട്ടത്.
---------------
Hindusthan Samachar / Sreejith S