Enter your Email Address to subscribe to our newsletters

Thiruvanathapuram, 8 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോൺഗ്രസിനും രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്ലാമി അപകടകരമായ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ഒരു ഇസ്ലാമിക രാഷ്ട്രം രൂപികരിക്കാൻ പ്രവർത്തിക്കുന്ന സംഘടനയോട് സഖ്യം ചേരുകയാണ് സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നമ്മുടെ ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകൾ നിയന്ത്രിക്കുന്നത് അപകടകരമായ കാര്യമാണ്. നാടിന് അപകടമാണോ ജനങ്ങളെ ബാധിക്കുന്നതാണോ എന്നൊന്നും നോക്കാതെ രാഷ്ട്രീയ ലക്ഷ്യം മാത്രം നോക്കുകയാണ് ഇടതുവലത് മുന്നണികൾ. ഈ അപകടകരമായ രാഷട്രീയത്തിന് വിരാമിടാൻ കേരളീയ പൊതു സമൂഹം എൻഡിഎയ്ക്ക് വോട്ടുചെയ്യാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറായി മുഖ്യമന്ത്രിയും ചില കോൺഗ്രസ് നേതാക്കളും ചർച്ച ചെയ്യുന്നത് കേരളത്തിന്റെ താൽപര്യം ആര് സംരക്ഷിക്കുമെന്നാണ്. മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസും ജനങ്ങൾക്കായി എന്തു ചെയ്തു എന്ന ചോദ്യമാണ് ജനങ്ങൾ ചോദിക്കുന്നത്. അതുതന്നെയാണ് ഞങ്ങളും ചോദിക്കുന്നത്. 2004 മുതൽ പത്ത് വർഷം സിപിഎമ്മിന്റെ പിന്തുണയോടെ യുപിഎ ഭരിച്ചപ്പോൾ എട്ട് മന്ത്രിമാർ ഉണ്ടായിരുന്നു. അവർ ഈ നാടിനായി എന്തെങ്കിലും ചെയ്‌തോ. നാട്ടിലെ ചെറുപ്പക്കാർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ല. ഇന്ന് ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് കേരളം നേരിടുന്നത്. കേരളത്തിലെ സാധാരണക്കാർ നേരിടുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തില്ല. നാട്ടിലെ അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കാനായി ഇരുമുന്നണികളും ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, ശബരിമലയിൽ നിന്ന് നാലരക്കിലോ സ്വർണ്ണം കൊള്ളയടിക്കുകയും ചെയ്തു. അതിനെതിരെ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്തില്ല. കഴിഞ്ഞ 20 കൊല്ലമായി, ദേവസ്വം ബോർഡിനെ ദള്ളാൾമാരുടെ കേന്ദ്രമാക്കി മാറ്റിയതും ഈ രണ്ട് മുന്നണികൾ തന്നെയാണ്. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളെ നമ്മുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും ഈ സിപിഎമ്മും കോൺഗ്രസും തന്നെയാണ്. വികസനമില്ലായ്മ, അഴിമതി കുറ്റകരമായ അനാസ്ഥ, കഴിവില്ലായ്മ ഇതൊക്കെയാണ് കാലങ്ങളായി മാറിമാറി വന്ന സർക്കാരുകൾ കേരളത്തിലെ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. എത്രയോ തവണ ജനങ്ങൾ അവസരം കൊടുത്തിട്ടും ജനങ്ങൾക്കായി ഒന്നും കൊടുത്തില്ല. ഈ നാട്ടിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നരേന്ദ്രമോദി സർക്കാർ മാത്രമാണ്. കോൺഗ്രസ് ഭരിച്ചപ്പോൾ കേരളത്തിന് ലഭിച്ചതിനേക്കാൾ സഹായങ്ങളാണ് നരേന്ദ്രേമോദി സർക്കാർ കേരളത്തിനായി നൽകിയതെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
---------------
Hindusthan Samachar / Sreejith S