Enter your Email Address to subscribe to our newsletters

Thiruvanathapuram, 8 ഡിസംബര്‍ (H.S.)
കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍. വിജയകുമാരിക്ക് നെടുമങ്ങാട് എസ്സിഎസ്ടി കോടതി ജാമ്യം അനുവദിച്ചു. ജാതി അധിക്ഷേപം നടത്തിയെന്ന കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ വിപിന്‍ വിജയന്‍ നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. വിജയകുമാരി നേരത്തേ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് എട്ടാംതീയതിവരെ അറസ്റ്റ് വിലക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് വിജയകുമാരി ജാമ്യഹര്‍ജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്.
ഡീന്‍ കൂടിയായ വിജയകുമാരിക്ക് ജാമ്യം അനുവദിക്കുന്നത് ജാതി അധിക്ഷേപ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ജാമ്യം നിഷേധിക്കണമെന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയന്റെ പിഎച്ച്ഡി ഓപ്പണ്‍ ഡിഫന്‍സില്‍ നടന്ന സംവാദത്തില്‍ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ മറുപടി പറയാന്‍ ഗവേഷകന് സാധിച്ചില്ലെന്നും പ്രബന്ധരചനയുടെ മെത്തഡോളജി പാലിച്ചില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ യൂണിവേഴ്സിറ്റി ഡീന്‍ കൂടിയായ തനിക്ക് നിരീക്ഷണം നടത്തുന്നതിന് അവസരം നല്‍കാതെ ഓപ്പണ്‍ ഡിഫന്‍സ് അവസാനിപ്പിച്ചുവെന്നും ഓപ്പണ്‍ ഡിഫന്‍സ് വീണ്ടും നടത്തിയ ശേഷം മാത്രമേ പിഎച്ച്ഡി അവാര്‍ഡ് ചെയ്യാന്‍ പാടുള്ളൂവെന്നും വിസിക്ക് വിജയകുമാരി റിപ്പോര്‍ട്ട് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിഎച്ച്ഡി അവാര്‍ഡ് ചെയ്യണമെന്ന ചെയര്‍മാന്റെ റിപ്പോര്‍ട്ടും ഡീനിന്റെ എതിര്‍ പരാമര്‍ശങ്ങളും വിസി സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S