Enter your Email Address to subscribe to our newsletters

Thiruvanathapuram, 8 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്ക് എതിരെ അപ്പീല്‍ പോകുമെന്ന് നിയമമന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീല്‍ പോകാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. സര്‍ക്കാര്‍ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നില്‍ക്കുന്നത്. അത് അവര്‍ക്കും ബോധ്യമുള്ളതാണ്. പൂര്‍ണമായും അവര്‍ക്കു നീതി കിട്ടണം എന്നതാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
''പ്രതികളുടെ ജാമ്യഹര്‍ജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷനും രംഗത്തിറക്കിയത്. സുപ്രീംകോടതിയിലും മുതിര്‍ന്ന അഭിഭാഷകരെ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇറക്കി. എന്നാല്‍ വ്യത്യസ്തമായുള്ള വിധിയാണ് ഇപ്പോള്‍ വന്നത്. കുറ്റം തെളിയിക്കപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ചുള്ള കാര്യത്തില്‍ വിധി പകര്‍പ്പ് പുറത്തുവന്നാലേ പൂര്‍ണമായി കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂ. സാധാരണയിലും വ്യത്യസ്തമായി ഈ കേസിന്റെ ആര്‍ഗ്യൂമെന്റില്‍ ഓരോ തവണയും ഉയര്‍ത്തിയിട്ടുള്ള കാര്യങ്ങള്‍ അതിനാധാരമായ തെളിവുകള്‍ തുടങ്ങി 1512 പേജുള്ള ആര്‍ഗ്യൂമെന്റ് നോട്ട് ആണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അതിന് അനുസൃതമായുള്ള വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'' പി.രാജീവ് പറഞ്ഞു.
''മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അപ്പീല്‍ പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഡിജിപിയുമായും സംസാരിച്ചു. വിധിന്യായം വിശദമായി പഠിച്ച് അപ്പീല്‍ പോകും. ഇതുസംബന്ധിച്ച് പ്രാരംഭ നടപടികള്‍ തുടങ്ങാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. വിധി വായിച്ചാലേ പോരായ്മ എവിടെയാണ് വന്നിട്ടുള്ളതെന്ന് അറിയാന്‍ സാധിക്കൂ. പഴുതടച്ച അന്വേഷണമാണ് നടന്നത്. അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിരുന്നു. അതിജീവിതയ്ക്കു പൂര്‍ണമായും നീതി ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം'' പി. രാജീവ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S