Enter your Email Address to subscribe to our newsletters

Thiruvanathapuram, 8 ഡിസംബര്‍ (H.S.)
ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ലോക്സഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയുമായി വന്ദേ മാതരത്തെ ബന്ധിപ്പിച്ചാണ് മോദി ചരിത്രപരമായ വിമര്‍ശനമുയര്‍ത്തിയത്.
വന്ദേ മാതരം അതിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 100-ാം വാര്‍ഷികത്തില്‍ ഭരണഘടനയുടെ കഴുത്തു ഞെരിക്കപ്പെട്ടു. രാജ്യസ്‌നേഹത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്തവരെ ജയിലിലടച്ചു. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ. വന്ദേ മാതര'ത്തിന്റെ മഹത്വം വീണ്ടെടുക്കാന്‍ 150-ാം വര്‍ഷം അവസരമായി കാണണം പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും മോദി രൂക്ഷമായ ആരോപണമുന്നയിച്ചു. മുഹമ്മദലി ജിന്നയുടെ നിലപാടുകളെ നെഹ്‌റു പിന്തുണച്ചു എന്നാണ് ആക്ഷേപം. വന്ദേ മാതരം മുസ്ലിങ്ങളെ പ്രകോപിപ്പിക്കുമെന്ന ജിന്നയുടെ വാദത്തോട് നെഹ്‌റുവിന് യോജിപ്പുണ്ടായിരുന്നു. നെഹ്‌റു ആ ഗാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ജിന്നയുടെ എതിര്‍പ്പ് വന്നതിന് അഞ്ചാം ദിവസം മാത്രമാണ്.
ദേശീയ ഗാനത്തിന്റെ ചരിത്രപരമായ പ്രസക്തിയിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 1937-ലെ കോണ്‍ഗ്രസ് സെഷനില്‍ വന്ദേ മാതരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയത് ഒരു വര്‍ഗീയ അജണ്ടയ്ക്ക് വഴങ്ങിയാണ്. വന്ദേ മാതരത്തെ കഷ്ണങ്ങളാക്കിയത് രാജ്യത്തിന്റെ വിഭജനത്തിന്റെ വിത്തുകള്‍ പാകി. ദേശീയ ഗാനം 150 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേള, അതിന്റെ യഥാര്‍ത്ഥ പ്രതാപം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണെന്നും 1947-ല്‍ സ്വാതന്ത്ര്യം നേടിത്തന്ന ഗാനമാണിതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
---------------
Hindusthan Samachar / Sreejith S