Enter your Email Address to subscribe to our newsletters

Kerala, 8 ഡിസംബര്‍ (H.S.)
കോഴിക്കോട്∙ കോർപറേഷനിലെ ദുർഭരണത്തിന്റെ ഇരകളാവേണ്ടിവരുന്നത് നികുതികൊടുക്കുന്ന സാധാരണക്കാരായ ജനങ്ങളാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി സിറ്റി ജില്ലാക്കമ്മിറ്റിയുടെ പൗരപ്രമുഖരുടെ സംഗമത്തിൽ വികസിത കോഴിക്കോട് വികസനരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയപാർട്ടിയെ മാറ്റുകയെന്നതിനേക്കാൾ പ്രധാനം ഭരണശൈലിയിൽ മാറ്റം കൊണ്ടുവരികയും രാഷ്ട്രീയസംസ്കാരത്തിൽ മാറ്റം കൊണ്ടുവരികയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി . ബിജെപിക്ക് ഭരണത്തിന് അവസരം കിട്ടിയാൽ 4 പ്രധാന മാറ്റങ്ങൾ കൊണ്ടുവരുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
45 ദിവസത്തിനകം വികസനപദ്ധതികളുടെ ബ്ലൂപ്രിന്റ് ജനപങ്കാളിത്തത്തോടെ അവതരിപ്പിക്കും. ഭരണസംവിധാനങ്ങൾ ഡിജിറ്റലാക്കുന്നതോടെ വീട്ടുപടിക്കൽ സേവനങ്ങൾ എത്തിക്കും. ആപ്പിലൂടെയോ ഓൺലൈനായോ അപേക്ഷകൾ നൽകാമെന്നതിനാൽ സാധാരണക്കാർക്ക് കൈക്കൂലിയിൽനിന്ന് രക്ഷപ്പെടാം. പദ്ധതികൾക്ക് ചെലവാക്കുന്ന തുകയുടെ ഓരോ പൈസയും കൃത്യമായി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സമ്മതമില്ലെങ്കിലും കേന്ദ്രസർക്കാർ പദ്ധതികൾ ഇവിടെ നടപ്പാക്കാനുള്ള വഴി കണ്ടെത്തുമെന്നും രാജീവ് ചന്ദ്രശേഖർ വികസനരേഖയുടെ അവതരണത്തിൽ പറഞ്ഞു.
ബിജെപി സിറ്റി ജില്ലാപ്രസിഡന്റ് കെ.പി.പ്രകാശ്ബാബു അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം പി.രഘുനാഥ്, ജില്ലാ ജന.സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ, എം.സുരേഷ്, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ അനുരാധ തായാട്ട്, പി.രമണിബായ്, ചാന്ദ്നി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
---------------
Hindusthan Samachar / Roshith K