Enter your Email Address to subscribe to our newsletters

Thiruvanathapuram, 8 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതക്കു നേരെയുള്ള സൈബര്‍ അധിക്ഷേപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി. ഡിസംബര്‍ 10ലേക്കാണ് മാറ്റിവെച്ചത്. കേസ് പരിഗണിച്ച സമയം പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാത്തതാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹരജി മാറ്റിവെച്ചതിന് കാരണം.
കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായി കോടതി ജാമ്യാപേക്ഷ തള്ളി റിമാന്‍ഡിലായതിന് പിന്നാലെയാണ് നാലാം പ്രതിയായ സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളും കോണ്‍ഗ്രസ് അനുകൂല ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങളും നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് അതിജീവിത പരാതി നല്‍കിയത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വര്‍ഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു കൂടുതലും അധിക്ഷേപം. തുടര്‍ന്ന് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചു.
പത്തനംതിട്ട മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട് ഉടമ) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സിറ്റി സൈബര്‍ പൊലീസ് കേസെടുത്തത്. അന്വേഷണത്തോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നല്‍കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന നിരീക്ഷണത്തോടെയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് രാഹുലിന്റെ ജാമ്യം തള്ളുന്നത്.
---------------
Hindusthan Samachar / Sreejith S