Enter your Email Address to subscribe to our newsletters

Kerala, 7 ഡിസംബര്‍ (H.S.)
സുരേഷ് ഗോപി എന്ന വ്യക്തി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള ഒരു രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാഷ്ട്രീയ എതിരാളികളെ 'ഊളകൾ' എന്നൊക്കെയാണല്ലോ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. ഒരു പൊതുപ്രവർത്തകന്, അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേരുന്ന ഭാഷയാണോ ഇത്? ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാർത്ഥ സംസ്കാരം കൂടിയാണ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നതെന്ന് ശിവൻകുട്ടി പരിഹസിച്ചു.
തിരുവനന്തപുരത്ത് ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, ഇവിടെ എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാളാണ് ജനങ്ങളെ നയിക്കാൻ വരുന്നത് എന്നത് ലജ്ജാവഹമാണ്.
ഇപ്പോൾ നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങൾ, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് രാഷ്ട്രീയ വിക്രിയകളിലൂടെയാണെന്ന സുരേഷ് ഗോപിയുടെ വാദം നേമത്തെ വോട്ടർമാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ തീരുമാനത്തെ 'വിക്രിയ' എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരും. ശിവൻകുട്ടി തുടർന്നു.
---------------
Hindusthan Samachar / Roshith K