Enter your Email Address to subscribe to our newsletters

New delhi, 8 ഡിസംബര്‍ (H.S.)
ദേശീയഗീതമായ വന്ദേമാതരത്തില്‍ ഇപ്പോള്‍ എന്തിനാണ് പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച നടത്തേണ്ട ആവശ്യകതയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രിയങ്ക, വന്ദേമാതരം ചര്‍ച്ചയാക്കുന്നത് ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വിഷയം മാറ്റാനാണെന്നും വരാനിരിക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ആരോപിച്ചു.
''പാര്‍ലമെന്റില്‍ ഇന്ന് വന്ദേമാതരം ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് കേന്ദ്രത്തിനുള്ളത്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ആ സാഹചര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി തന്റെ റോള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ സ്വാതന്ത്രത്തിനായി പോരാടിയവര്‍ക്കും ജീവത്യാഗം ചെയ്തവര്‍ക്കും എതിരെ ആരോപണമുയര്‍ത്താന്‍ കേന്ദ്രം ഇത് അവസരമാക്കുകയാണ്. ഇതിലൂടെ, രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ക്കായും ഞങ്ങള്‍ രാജ്യത്തിനായുമാണ് നിലകൊള്ളുന്നത്. എത്ര തിരഞ്ഞെടുപ്പുകള്‍ ഞങ്ങള്‍ തോറ്റുവെന്നത് കാര്യമാക്കുന്നില്ല, ഞങ്ങള്‍ ഇവിടെയിരുന്ന് നിങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടും. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ തുടരും. നിങ്ങള്‍ക്കത് തടയാനാവില്ല'' -പ്രിയങ്ക പറഞ്ഞു.
വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയത്. വന്ദേമാതരത്തിലെ ചില ഭാഗങ്ങള്‍ 1937ല്‍ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്റെ വിത്തുകള്‍ പാകിയതെന്നുമുള്ള ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ന്നത് സഭയില്‍ ബഹളത്തിനിടയാക്കിയിരുന്നു. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഗാനത്തിലെ പ്രധാന വരികള്‍ നെഹ്‌റു ഒഴിവാക്കിയെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍, ഇത് വര്‍ഗീയ വാദികള്‍ പിന്നീട് നിര്‍മിച്ച നുണയാണെന്ന് പ്രിയങ്ക മറുപടി നല്‍കി. 1937ല്‍ നെഹ്‌റു സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ മറുപടി.
---------------
Hindusthan Samachar / Sreejith S