Enter your Email Address to subscribe to our newsletters

Thiruvanathapuram, 8 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കുറ്റക്കാരാണെന്ന വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു സ്ത്രീയ്ക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്കുണ്ടായത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടെന്നത് സന്തോഷകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ വിധി കാരണമാകും. തൃക്കാക്കര എം.എല്‍.എ ആയിരുന്ന പി.ടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് ഇത്തരം ഒരു പരിസമാപ്തിയിലേക്ക് കേസിനെ എത്തിച്ചത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടാകുമായിരുന്നു. സ്ത്രീ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടരുതെന്ന വാശി പി.ടി തോമസിനുണ്ടായിരുന്നു.
കേരളത്തില്‍ സ്ത്രീസുരക്ഷ കുറേക്കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം കൂടിയതോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. സ്ത്രീ സുരക്ഷ പ്രധാനപ്പെട്ട ഘടകമാക്കി മാറ്റി അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതിന് ശാസ്ത്രീയ സംവിധാനം വേണം. പരാതിയുമായി എത്തുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം. ഇപ്പോഴത്തെ സംവിധാനങ്ങള്‍ അതിന് പര്യാപ്തമല്ല. കാലഘട്ടത്തിന് അനുയോജ്യമായ സംവിധാനങ്ങളാണ് ഉണ്ടാകേണ്ടത്.
സ്വാഭാവികമായും പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം എടുക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കില്‍ പ്രോസിക്യൂഷന് അപ്പീല്‍ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷന് പരാതി ഉണ്ടെങ്കില്‍ അവര്‍ അപ്പീല്‍ പോകും. അപ്പീല്‍ കോടതിയും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ വിധി വന്നാലെ വ്യക്തമാകൂ എന്നും സതീശന്‍ പറഞ്ഞു..
---------------
Hindusthan Samachar / Sreejith S