Enter your Email Address to subscribe to our newsletters

Kerala, 9 ഡിസംബര്‍ (H.S.)
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ ടി.പി അറുവയെ ആണ് കാണാതായത്. അറുവയുടെ ബന്ധുവാണ് ഇവരെ കാണാനില്ലെന്ന് പരാതി നല്‍കിയത്. ബിജെപി പ്രവര്‍ത്തകന് ഒപ്പം പോയതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ ബന്ധപ്പെട്ടത്.
ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാകാമെന്നുമായിരുന്നു മറുപടി. പത്രികാസമര്‍പ്പണം മുതല്‍ സജീവമായിരുന്ന സ്ഥാനാര്‍ത്ഥിയാണ് മൂന്നുദിവസമായി സ്ഥലത്തില്ലാതെ വന്നത്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡിലെ വോട്ട് ഭിന്നിപ്പിക്കുന്നതിനു സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാര്‍ത്ഥിയെ ഒളിപ്പിച്ചിരിക്കാനാണ് സാദ്ധ്യതയെന്നും ആരോപിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയിരുന്നു.
അതേസമയം ഇവരെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കി . അടുത്ത ദിവസം മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാകുമെന്ന് ഇവര്‍ അറിയിച്ചുവെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പി. നിധിന്‍ രാജ് പറഞ്ഞു.
---------------
Hindusthan Samachar / Roshith K