Enter your Email Address to subscribe to our newsletters

Kerala, 9 ഡിസംബര്‍ (H.S.)
കോട്ടയം: ആകെയുള്ളതിലും ഒരു വോട്ട് കൂടുതൽ വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയെന്ന് പരാതി. കോട്ടയം വെള്ളൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് സംഭവം നടന്നത് . ആകെ ഇവിടെ വോട്ട് ചെയ്‌തത് 804 പേരാണ്. എന്നാൽ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയത് 805 ആണ്. ഇതോടെ സംഭവം പരിശോധിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകുകയായിരുന്നു.
ജില്ലയിൽ ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായ സംഭവവും ഉണ്ടായി. ചില ബൂത്തുകളിലെ യന്ത്ര തകരാറുകൾ ഒഴിച്ചാൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. യന്ത്ര തകരാറുകൾ പരിഹരിച്ചും, പുതിയ വോട്ടിംഗ് യന്ത്രം മാറ്റി സ്ഥാപിച്ചുമായിരുന്നു പലയിടത്തും പ്രശ്നങ്ങൾ പരിഹരിച്ചത്. താലൂക്കിലെ എട്ടോളം പോളിംഗ് ബൂത്തുകളിൽ യന്ത്രങ്ങൾ പണിമുടക്കി. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ പാക്കാനത്ത് മൂന്ന് മണിക്കൂർ നേരം വോട്ടിംഗ് യന്ത്രം തകരാറിലായി. നാല് യന്ത്രങ്ങൾ പരീക്ഷിച്ച ശേഷമാണ് വോട്ടിംഗ് പുനഃരാരംഭിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സമയം അവസാനിച്ചപ്പോൾ പോളിംഗ് 71 ശതമാനം കടന്നു. പോളിംഗ് ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോൾ എറണാകുളമാണ് മുന്നിൽ (60%). പത്തനംതിട്ടയിലും തിരുവനന്തപുരത്തും പോളിംഗ് കുറവാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക.
---------------
Hindusthan Samachar / Roshith K