Enter your Email Address to subscribe to our newsletters

Thiruvananthapuram, 01 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ തിരിച്ചേല്‍പ്പിച്ച സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ നഷ്ടമായിട്ടുണ്ട് എന്ന് എസ്‌ഐടി.
പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. അപേക്ഷയിലെ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നു.ശബരിമലയില്‍ നിന്ന് നഷ്ടമായ സ്വര്‍ണം കണ്ടെത്താന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. നിലവില്‍ പ്രതികള്‍ ചില സ്വര്‍ണം കൈമാറിയിട്ടുണ്ട്.
എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട് എന്ന് എസ്‌ഐടി സംശയിക്കുന്നു. ഈ സാഹച്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിന് അപേക്ഷ സമര്‍പ്പിച്ചത്. ഒരു ദിവസമാണ് ചോദ്യം ചെയ്യാന്‍ അനുമതി കിട്ടിയത്. ഇതിന് ശേഷം മൂന്ന് പ്രതികളെയും തിരിച്ചുഹാജരാക്കി.
കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, ജ്വല്ലറി വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് ചെമ്ബുപാളികള്‍, രാശിചിഹ്നങ്ങള്‍ ആലേഖനം ചെയ്ത രണ്ട് ചെമ്ബുപാളികള്‍, കട്ടിളയുടെ മുകള്‍പ്പടി ചെമ്ബു പാളി, കട്ടിളയ്ക്കു മുകളില്‍ പതിച്ച ശിവരൂപവും വ്യാളീരൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലുള്ള ചെമ്ബു പാളികള്‍ എന്നിവയെ പൊതിഞ്ഞ സ്വര്‍ണം നഷ്ടമായി എന്നാണ് കരുതുന്നത്.
ഒമ്ബതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അമ്ബത്തൂരിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെയും ബെല്ലാരിയിലുള്ള റോത്തം ജ്വല്ലറി ഉടമ ഗോവര്‍ധന്റെയും പക്കലുണ്ടെന്ന് എസ്‌ഐടി കണ്ടെത്തി.
ഇതില്‍നിന്ന് 109.243 ഗ്രാം സ്വര്‍ണം പങ്കജ് ഭണ്ഡാരി ഒക്ടോബര്‍ 15നും 474.960 ഗ്രാം സ്വര്‍ണം ഗോവര്‍ധന്‍ ഒക്ടോബര്‍ 24നും ഹാജരാക്കി. അതേസമയം പ്രതികള്‍ തിരികെ നല്‍കിയ സ്വര്‍ണത്തേക്കാള്‍ വലിയ അളവ് സ്വര്‍ണം യഥാര്‍ഥത്തില്‍ ക്ഷേത്രത്തിലെ പാളികളില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്താന്‍ സാംപിളുകള്‍ തിരുവനന്തപുരം വിഎസ്‌എസ്‌സിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം കാത്തിരിക്കുകയാണ്. രാസമിശ്രിതം ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെയും ഗോവര്‍ധന്റെയും കൈകളില്‍ ഉണ്ടെന്നതിന് തെളിവുണ്ട്.
ഇതില്‍ വിശദമായി അന്വേഷിക്കാനാണ് മൂന്ന് പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. പ്രതികളുടെ റിമാന്‍ഡ് ഈ മാസം 15 വരെ നീട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR