Enter your Email Address to subscribe to our newsletters

Kochi, 10 ജനുവരി (H.S.)
ദേശീയപാതയിലെ നിർമ്മാണം പൂർത്തിയാകുന്ന അരൂർ-തുറവൂർ മേല്‍പ്പാലത്തില്‍ ശബ്‌ദ മലിനീകരണം നിയന്ത്രിക്കാനായി ബ്രിഡ്‌ജ് നോയിസ് ബാരിയറുകള്‍ സ്ഥാപിച്ചു തുടങ്ങിയിരിക്കുകയാണ്.
ഗതാഗതത്തിനായി പൂർണ്ണമായി തുറന്നുകൊടുക്കുമ്ബോള്‍, സമീപപ്രദേശങ്ങളില്‍ അമിതമായ ശബ്‌ദ ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം.വാഹനങ്ങള്‍ കടന്നുപോകുമ്ബോഴുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്‌ദം കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും.
നിലവിലുള്ള 30 ഡെസിബെല്‍ ശബ്‌ദം 10 ഡെസിബെലായി കുറയ്ക്കാൻ പുതിയ ബാരിയറുകളിലൂടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 12.75 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാതയുടെ ഇരുവശത്തുമായി ആകെ 25.5 കിലോമീറ്റർ ദൂരത്താണ് ഈ ബാരിയറുകള്‍ സ്ഥാപിക്കുന്നത്.40 സെന്റിമീറ്റർ ഉയരത്തില്‍ നിർമ്മിച്ച ഭിത്തിക്ക് മുകളിലായി 1.50 മീറ്റർ ഉയരത്തിലാണ് ഈ നോയിസ് ബാരിയറുകള്‍ സ്ഥാപിക്കുക.
വാഹനങ്ങളുടെ ഹോണ്‍, എഞ്ചിൻ ശബ്‌ദം, അമിതവേഗതയിലുള്ള യാത്രയുടെ മുഴക്കം എന്നിവ മേല്‍പ്പാലം കടന്നുപോകുന്നതിന് സമീപത്തെ വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കേരളത്തില്‍ അധിക ഇടങ്ങളില്‍ ഒന്നും നടപ്പാക്കിയിട്ടില്ലാത്ത സംവിധാനമാണ് അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയില്‍ കൊണ്ട് വരുന്നത്.
ഉയരപ്പാത ആണെങ്കിലും വാഹനങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്ബോള്‍ ശബ്‌ദമലിനീകരണം ഉണ്ടാവുമെന്നത് കണക്കിലെടുത്താണ് ഈ നീക്കം. കൊച്ചി നഗരത്തില്‍ നിന്ന് അധികം അകലെയല്ലാത്തതിനാല്‍ തന്നെ ഒട്ടേറെ വാണിജ്യ മേഖലകളിലൂടെയാണ് ഈ റോഡ് കടന്നുപോവുന്നത്.
പുതിയ തീരുമാനം മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉള്‍പ്പെടെ ഗുണകരമാവും. ഇതിന്റെ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വെള്ളയും നീലയും നിറത്തില്‍ യാത്രക്കാരുടെ ശ്രദ്ധ തിരിക്കാത്ത നിലയിലാണ് ഈ ബ്രിഡ്‌ജ് നോയിസ് ബാരിയർ അധികൃതർ സ്ഥാപിക്കുന്നത്.
ലോകത്തില്‍ പലയിടത്തും അതിവേഗ പാതകളിലും മറ്റും നടപ്പാക്കി വരുന്ന സംവിധാനങ്ങളില്‍ ഒന്ന് കൂടിയാണിത്.അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേഎത്രയും പെട്ടെന്ന് തന്നെ ജോലികള്‍ പൂർത്തിയാക്കി അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറന്നു കൊടുക്കാനാണ് ദേശീയപാത അതോറിറ്റിയുടെ ശ്രമം.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പ്പാലമാണ് അരൂർ-തുറവൂർ മേഖലയില്‍ നിർമ്മിക്കുന്നത്. കേരളത്തില്‍ ആദ്യമായി ഒരു പ്രത്യേക ഹൈവേ സൈക്കിള്‍ ട്രാക്ക് കൂടി ഇവിടെ നിർമ്മിക്കുന്നുണ്ട്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ എലവേറ്റഡ് ഹൈവേ പൂർണമായി തുറന്ന് കൊടുക്കുന്നത് കാത്തിരിക്കുകയാണ് യാത്രക്കാർ.
അതിനിടെ ഇതിന്റെ ഒരു പ്രധാന ഭാഗം ഉടൻ തുറന്നു കൊടുക്കുമെന്നാണ് വിവരം. അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള ആറൂർ-ചന്തിരൂർ മേല്‍പ്പാലം വൈകാതെ തുറന്ന് കൊടുക്കും. ഈ മേല്‍പ്പാലം മാർച്ച് മാസത്തോടെ ഗതാഗതത്തിനായി തുറന്നുനല്‍കാൻ ദേശീയപാത അതോറിറ്റി ഒരുങ്ങുകയാണ്. 12.75 കിലോമീറ്റർ വരുന്ന അരൂർ-തുറവൂർ ഹൈവേയുടെ ഭാഗമാണിത്.കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ മേല്‍പ്പാത കൊണ്ട് വന്നിരിക്കുന്നത്.
ദേശീയപാത 66ന്റെ ഭാഗമാണ് ഈ എലവേറ്റഡ് ഹൈവേ. ദേശീയ പാത അതോറിറ്റിയുടെ 2200 കോടി രൂപയുടെ പദ്ധതി 2026 മെയ് മാസത്തോടെ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ സമയപരിധിക്കുള്ളില്‍ തന്നെ തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR