Enter your Email Address to subscribe to our newsletters

Kochi, 10 ജനുവരി (H.S.)
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും സെലിബ്രിറ്റികളെ രംഗത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.
സിനിമാ താരങ്ങളില്‍ നിന്ന് മാറി കൂടുതല്‍ ജനകീയരായ കായിക താരങ്ങളുടെ പേരുകളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയർന്നു കേള്‍ക്കുന്നത്. പ്രത്യേകിച്ച് വടക്കൻ കേരളത്തിലാണ് നിലവില്‍ ഇത്തരത്തില്‍ പ്രധാനമായി കായിക താരങ്ങളെ മുന്നണികള്‍ പരിഗണിക്കുന്നതെന്നാണ് വിവരം.
നേരത്തെ തന്നെ വടക്കൻ കേരളത്തില്‍ സ്വാതന്ത്രരെ ഇറക്കിയുള്ള മത്സരങ്ങള്‍ക്ക് നല്ല സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് മുന്നണികള്‍ സെലിബ്രിറ്റികളെ തേടുന്നതെന്നാണ് വിവരം. ഇക്കാര്യത്തില്‍ മൂന്ന് മുന്നണികളും ഒട്ടും പുറകില്‍ അല്ല.
എങ്കില്‍ പോലും മുന്നണിയുടെ നിലപാടുകളുമായി ചേർന്ന് പോവുന്ന ആളുകളെ തന്നെ പരിഗണിക്കാനാണ് നീക്കം.അത്തരത്തില്‍ വടക്കൻ കേരളത്തില്‍ നിലവില്‍ ഏറ്റവും അധികം കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് പിടി ഉഷയുടേത്. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ കരുത്തരെ മത്സരിപ്പിച്ച്, പരമാവധി ഇടങ്ങളില്‍ ജയിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വേണ്ടിയാണ് പിടി ഉഷ കളത്തില്‍ ഇറങ്ങുക.
നിലവില്‍ രാജ്യസഭാ എംപിയായി നാലാം വർഷത്തിലേക്ക് കടക്കുന്ന പിടി ഉഷയെ കോഴിക്കോട് ജില്ലയില്‍ തന്നെ മത്സരിപ്പിക്കാനാണ് ബിജെപി ശ്രമം.പ്രത്യേകിച്ച് ജില്ലയില്‍ ബിജെപി നേട്ടങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിക്കാൻ പിടി ഉഷയുടെ കഴിയുമെന്നാണ് അവർ വിലയിരുത്തുന്നത്.
കൊയിലാണ്ടി അല്ലെങ്കില്‍ പേരാമ്ബ്ര പോലെയുള്ള സീറ്റുകളില്‍ ആയിരിക്കും അവർ മത്സരിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മത്സരിക്കാൻ പിടി ഉഷയ്ക്ക് എന്തെങ്കിലും രീതിയിലുള്ള തടസവുമില്ലെന്നാണ് വിവരം.കോഴിക്കോട് സ്വന്തം നാടായതിനാല്‍ തന്നെ പയ്യോളി ഉള്‍പ്പെടുന്ന കൊയിലാണ്ടി മണ്ഡലത്തിനാവും ഉഷ പ്രാധാന്യം കൊടുക്കുക.
എന്തായാലും പിടി ഉഷ ബിജെപിയുടെ സ്‌റ്റാർ സെലിബ്രിറ്റി ലിസ്‌റ്റില്‍ ഇടം നേടിയിട്ടുണ്ടെന്ന് തന്നെയാണ് വിവരം. അതുപോലെ തന്നെ യുഡിഎഫും അതേ നിലവാരത്തിലുള്ള ഒരു സെലിബ്രിറ്റിയെ നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവരം.ഇന്ത്യൻ ഫുട്‍ബോളിലെ കിരീടം വയ്ക്കാത്ത രാജാവായ ഐഎം വിജയനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
നേരത്തെ മുൻ തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഐഎം വിജയനെ മത്സരത്തിന് ഇറക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടുണ്ടെങ്കിലും അന്ന് സർവീസ് ഒരു തടസമായിരുന്നു. എന്നാല്‍ നിലവില്‍ ഐഎം വിജയൻ വിരമിച്ചതിനാല്‍ മത്സരിക്കുന്നതിന് തടസമുണ്ടാവില്ല.
ആലത്തൂർ അല്ലെങ്കില്‍ തൃശൂർ ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലം ആയിരിക്കും ഐഎം വിജയനു വേണ്ടി യുഡിഎഫ് കണ്ടുവയ്ക്കുക. തൃശൂരില്‍ജനകീയനായ ഐഎം വിജയനെ ഇറക്കിയാല്‍ അത് വലിയ രീതിയില്‍ ഗുണമാവുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ പ്രധാനമായും പരിഗണിക്കുന്നത്.
ജയിച്ചാല്‍ അത് മുന്നണിക്കും കായിക മേഖലക്കും ഒരുപോലെ നേട്ടമാകും എന്ന നിലയിലാണ് അതിനെ പ്രവർത്തകർ നോക്കി കാണുന്നത്.അതുപോലെ തന്നെ മലപ്പുറത്ത് നിരന്തരം സ്വതന്ത്രരെ ഇറക്കി പരീക്ഷിക്കാറുള്ള സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണി ഇക്കുറി ഫുട്‌ബോള്‍ താരം ഷറഫലിയെ രംഗത്ത് ഇറക്കുമെന്നാണ് വിവരം.
നേരത്തെ നിലമ്ബൂർ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും അന്ന് പാർട്ടി ചിഹ്നത്തില്‍ മത്സരാർത്ഥി വേണമെന്ന നിർബന്ധത്തിലാണ് സ്വരാജിനെ പരിഗണിച്ചത്. ഇക്കുറി മലപ്പുറത്ത് ഷറഫലിക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR