Enter your Email Address to subscribe to our newsletters

Kerala, 10 ജനുവരി (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല. അമിത ആത്മവിശ്വാസം അല്ല, അത് കോൺഫിഡൻസാണ് എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നു. മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടവരെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. മന്ത്രിമാരുൾപ്പെടെ പ്രതികളാണ് എന്നാണ് ഞങ്ങൾക്ക് ലഭ്യമായ വിവരം. ആരുവന്നാലും നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും ചെന്നിത്തല വ്യക്തമാക്കി. കേസിൽ എസ്ഐടി അന്വേഷണം നടക്കുന്നുണ്ടല്ലോ, അതുകൊണ്ട് ഒന്നിലും തീർപ്പ് കൽപ്പിക്കേണ്ട സമയം ആയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സ്വർണക്കൊള്ളയിൽ സമഗ്രമായ അന്വേഷണം നടത്തും. ഇന്ന് അറസ്റ്റിലാകാത്തവർ അന്ന് അകത്താകുമെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. സ്വർണക്കൊള്ളയിൽ യഥാർഥ കള്ളന്മാർ പുറത്തുവരുന്നതുവരെ കോൺഗ്രസ് പ്രതിഷേധം തുടരും.
ദേവസ്വം ബോർഡ് ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ സ്വർണം കടത്തി കൊണ്ടുപോകാൻ കഴിയില്ല. ഇത് മന്ത്രിമാർ അറിഞ്ഞില്ലെങ്കിൽ പിന്ന എന്തിനാ അവർ മന്ത്രിമാരായി ഇരിക്കുന്നത്. സ്വന്തം വകുപ്പിന് കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാം എന്ന് സർക്കാർ കരുതണ്ട. എന്നാൽ തന്ത്രിയുടെ അറസ്റ്റ് തെറ്റാണെന്ന് പറയുന്നില്ലെന്നും, അദ്ദേഹത്തിൻ്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. ബാറ്ററി ഡൗൺ ആയ വണ്ടിയെ പോലെയാണ് എസ്ഐടി പ്രവർത്തിക്കുന്നത്. കോടതിയുടെ വിമർശനം ഉണ്ടാകുമ്പോൾ മാത്രമാണ് അത് ഉണർന്നു പ്രവർത്തിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.
തന്ത്രി കണ്ഠര് രാജീവര് പിണറായിയുടെ അപ്രീതിക്ക് കാരണമായ വ്യക്തിയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിലെ തന്ത്രിയുടെ നിലപാടായിരുന്നു ശരി. അന്ന് ആചാരലംഘനം തന്ത്രി എതിർത്തിരുന്നു. ഇപ്പോൾ തന്ത്രി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കിൽ കേസന്വേഷണത്തിൽ തെളിയിക്കട്ടെ എന്നും മുരളീധരൻ വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടു കൂടി രഹസ്യമായി തന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു.ശബരിമലയിൽ സ്വർണ്ണപ്പാളികൾ കൊടുത്തുവിട്ടത് തന്ത്രിയുടെ പൂർണ്ണ അനുമതിയോടുകൂടിയാണെന്നും ഇതുവഴി ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കുകയും ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള സ്വകാര്യ വ്യക്തികൾക്ക് വലിയ ലാഭം ഉണ്ടാക്കാൻ ഉള്ള വഴികൾ ചെയ്തു എന്നുമാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. തന്ത്രി അറിയാതെ ഈ സ്വർണ്ണ പാളികൾ ഒരു കാരണവശാലും അവിടെനിന്ന് പോകുകയില്ലയെന്നതും അതിന് തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു എന്നതും എസ്ഐടി വ്യക്തമാക്കിയിരുന്നു. മാത്രമല്ല ശബരിമലയിൽ പൂജയ്ക്കായിയെത്തിയ തന്ത്രി സ്വർണ്ണ പാളി ഇല്ലാതെ ദ്വാരപാലക ശില്പങ്ങൾ കണ്ടു.എന്നിട്ടും ദേവസ്വം ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് തന്ത്രിയുടെ പൂർണ്ണ സമ്മതം ഇതിനു ഉണ്ടായിരുന്നു എന്നാണ് എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR