Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവർക്ക് കൂടുതല്‍ കുരുക്ക്. ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം രാജീവരെ പ്രതിയാക്കും.
ദ്വാരപാലക ശില്‍പപാളികള്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിക്ക് കുരുക്കായത്.
ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയില്‍ എസ്‌ഐടി റിപ്പോർട്ട് നല്‍കും. തന്ത്രി ദേവസ്വം മാനുവല്‍ ലംഘനത്തിന് കൂട്ടു നിന്നെന്നും സ്വർണം ചെമ്ബാക്കിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിതില്‍ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങള്‍ എസ്‌ഐടി കണ്ടെത്തി.അതോടൊപ്പം കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി ദീർഘകാലത്തെ പരിചയമുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
2004ല്‍ ബെംഗളൂരുവില്‍ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. 2007ലാണ് കീഴ്ശാന്തിയുടെ പരികര്‍മിയെന്ന നിലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി ശബരിമലയിലെത്തിക്കുന്നത്. പിന്നീട് 2018 ആവുമ്ബോഴേക്കും സ്‌പോണ്‍സര്‍ എന്ന നിലയിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി മാറുകയായിരുന്നുവെന്നുമാണ് എസ്‌ഐടിയുട അന്വേഷണ റിപ്പോട്ടിലുണ്ട്.
സ്‌പോണ്‍സര്‍ ആക്കുന്നതിലും തന്ത്രിക്ക് പങ്കുണ്ടോയെന്ന് അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.കേരളത്തിന് പുറത്തുനിന്ന് സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടി പണം ലഭിച്ചതില്‍ തന്ത്രിയുമായുള്ള ബന്ധം ഉണ്ണികൃഷ്ണന്‍ പോറ്റി ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് തന്ത്രിക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. പോറ്റിയെയും തന്ത്രിയെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്‌ഐടി തീരുമാനം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്ബോള്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധനും സ്ഥിരീകരിച്ചിട്ടുണ്ട്. പോറ്റിയെ തന്ത്രിയുടെ മുറിയില്‍വെച്ചുകണ്ടെന്നാണ് ഗോവര്‍ധൻ മൊഴി നല്‍കിയത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ദേവസ്വം ജീവനക്കാരും മൊഴി നല്‍കി.സ്വര്‍ണക്കടത്ത് കേസില്‍ ശനിയാഴ്ചയാണ് തന്ത്രിയുടെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്. കേസിലെ ആദ്യ അറസ്റ്റ് ഉണ്ണികൃഷ്ണൻ പോറ്റിയുടേതായിരുന്നു. ഒക്ടോബർ 17നായിരുന്നു പോറ്റിയെ എസ്‌ഐടി അറസ്റ്റ് ചെയ്യുന്നത്.
സ്വർണക്കൊള്ളയില്‍ രണ്ടാമത്തെ അറസ്റ്റ് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റേതായിരുന്നു. ഒക്ടോബർ 23നാണ് മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബർ ഒന്നിനാണ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. നവംബർ 6 ന് മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജുവിനേയും അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
നവംബർ 11നാണ് കേസിലെ മൂന്നാം പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും, ദേവസ്വം മുൻ കമ്മീഷണറുമായ എന്‍. വാസുവിനെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ പ്രധാന പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ നവംബർ 20ന് എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR