Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ജനുവരി (H.S.)
ആർഎല്‍വി രാമകൃഷ്‌ണനെതിരായ പരാമർശങ്ങളില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെ മോശമായി പ്രതികരിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് മറുപടിയുമായി സ്നേഹ ശ്രീകുമാർ.
ഏത് വിധേനയും വരുമാനം ഉണ്ടാക്കാനും നെഗറ്റീവ് പബ്ലിസിറ്റി നേടാനും ആഗ്രഹിക്കുന്നവരോട് എന്താണ് നമ്മള്‍ പറയേണ്ടത് എന്നാണ് സ്നേഹ ശ്രീകുമാർ ചോദിക്കുന്നത്. കലയ്ക്ക് ജാതിയും നിറവും ഒന്നും ഒരു മാനദണ്ഡം അല്ലെന്നും സ്നേഹ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹയുടെ പരാമർശം.
കഴിഞ്ഞ ദിവസം സ്നേഹയ്ക്ക് എതിരെ മോശം പരാമർശവുമായി സത്യഭാമ രംഗത്ത് വന്നിരുന്നു. തന്നെ വിമര്‍ശിച്ചതിനുള്ള ശിക്ഷയായിട്ടാണ് സ്‌നേഹയുടെ ഭര്‍ത്താവ് കേസില്‍ ഉള്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ കലാമണ്ഡലം സത്യഭാമ കഞ്ഞികുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയതെന്നും സ്നേഹയെ പരിഹസിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
സ്നേഹ ശ്രീകുമാറിന്റെ വാക്കുകള്‍:
എന്നെ പറ്റി അവർ പറഞ്ഞതെല്ലാം തെറ്റായിരുന്നു. ഞാൻ ഒരിക്കലും ഓട്ടൻ തുള്ളല്‍ പഠിക്കാൻ കലാമണ്ഡലത്തില്‍ പോയിട്ടില്ല. ഞാൻ ഓട്ടൻ തുള്ളലും കഥകളിയും ഒക്കെ പഠിച്ചിട്ടുണ്ട്. വളരെ ചെറുപ്പം മുതലേ തന്നെ പഠിച്ചതാണ് അതൊക്കെ. ഞാൻ പഠിച്ച മേഖലയില്‍ തന്നെയാണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.
എന്റെ വിദ്യഭ്യാസ യോഗ്യത എംഎ ആൻഡ് എംഫില്‍ ഇൻ തിയേറ്റർ ആർട്‌സ് ആണ്. എല്ലാവരും ജോലി എടുക്കുന്നത് കഞ്ഞി കുടിക്കാനും ചോറുണ്ണാനും വേണ്ടിയാണ്.പട്ടിണി കിടക്കാൻ വേണ്ടി ആരും പണി എടുക്കില്ലലോ. എന്നെ ഇത്രയധികം ആളുകള്‍ സ്നേഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് മനസിലായി. സാധാരണക്കാരും എഴുത്തുകാരും മറ്റ് കലാകാരന്മാരും ഒക്കെ എനിക്ക് വേണ്ടി സംസാരിച്ചു.
അതിന് എല്ലാവിധ നന്ദിയും ഞാൻ അറിയിക്കുകയാണ്. ഒരു കഥാപാത്രത്തിന്റെ പേരില്‍ ഒരാള്‍ അറിയപ്പെടുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഒരിക്കലും നാണക്കേട് അല്ല.ഞാൻ വളരെ അഭിമാനത്തോടെ തന്നെ അത് പറയും. നിറത്തിന്റെയോ ജാതിയുടെയോ അല്ലെങ്കില്‍ ഒരാളുടെ ശാരീരിക പ്രത്യേകതകളോ ഒന്നുമല്ല കലയുടെ മാനദണ്ഡം. കഴിവിന്റെ മാനദണ്ഡം എന്ന നിലയിലാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.
അവരോട് പ്രതികരിക്കേണ്ട എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്. അല്ലെങ്കിലും അവരോട് എന്ത് പറയാനാണ്. തുടർച്ചയായി അത്തരം കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നവരോട് നമ്മള്‍ പറഞ്ഞ് നേരെയാക്കാൻ പറ്റില്ല.അവർ അങ്ങനെ പറയുന്നൊരു ആളാണ്, അവരെ നമുക്ക് എന്ത് ചെയ്യാൻ പറ്റും? ഒരു മനുഷ്യനോടും നമ്മള്‍ അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലെന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.
ഞാൻ ശ്രീകുമാറിന്റെ മകള്‍ തന്നെയാണ്. എന്നെ അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. ആശയപരമായ വ്യത്യാസങ്ങള്‍ ആ രീതിയില്‍ മാത്രമായിരിക്കണം സംസാരിക്കേണ്ടത്. അതുകൊണ്ട് തന്നെ അവർ സംസാരിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്നതാണ്.നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം; എന്തു തുള്ളലാണ് പഠിച്ചത്; സ്‌നേഹയെ ആക്ഷേപിച്ച് സത്യഭാമഈ നെഗറ്റീവ് പബ്ലിസിറ്റി നേടുക എന്നതാണ് അവരുടെ ലക്ഷ്യമെങ്കില്‍ നമുക്ക് പിന്നെ എന്ത് ചെയ്യാൻ കഴിയും.
ഫേസ്‌ബുക്കില്‍ നിന്ന് വരുമാനം കിട്ടുന്നതാണ് ലക്ഷ്യമെങ്കിലും നമുക്ക് ഒന്നും പറയാൻ പറ്റില്ലാലോ. ഏത് രീതിയിലും അങ്ങനെ മതിയെന്ന് വിചാരിക്കുന്നവരോട് നമുക്ക് ഒരിക്കലും തിരുത്താൻ കഴിയില്ല. എന്നെ സംബന്ധിച്ച് എന്റെ ജോലിയാണ് പ്രധാനം. ഇനിയും എല്ലാവരെയും സന്തോഷിപ്പിക്കാൻ ഒരുപാട് എപ്പിസോഡുകളുമായി വരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR