Enter your Email Address to subscribe to our newsletters

Alappuzha, 10 ജനുവരി (H.S.)
എങ്ങനെയെങ്കിലും അധികാരം പിടിക്കാൻ വർഗീയത ഇളക്കി വിടുകയെന്ന തന്ത്രം പ്രയോഗിക്കുകയാണ് യുഡിഎഫ് എന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്.
ഏറ്റവും അപകടകരമായി ആ കളി കളിക്കുകയാണ് യുഡിഎഫ് എന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഒന്നിപ്പിച്ചു നിർത്തി, സിപിഎം ഹിന്ദുത്വ വർഗീയത കളിക്കുന്നു എന്ന നരേറ്റീവ് സൃഷ്ടിക്കുന്നുവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
രണ്ട് തവണ രാജ്യത്ത് കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിട്ടില്ലേ എന്നും ഇപ്പോള്‍ എന്താണ് നിലപാട് മാറ്റമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.തോമസ് ഐസകിന്റെ പ്രതികരണം: ''
എല്‍ഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളെ മറികടക്കാൻ കണ്ടെത്തിയ തന്ത്രം ജാതി-മത ഏകീകരണമാണ്. ജാതിയ്ക്കും മതത്തിനും അതീതമായി ജനങ്ങളെ ഒരുമിപ്പിക്കുന്ന രാഷ്ട്രീയനിലപാടാണ് എല്‍ഡിഎഫിന്റേത്. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവരുടെ ജീവിതാഭിവൃദ്ധി എല്‍ഡിഎഫ് സർക്കാരുകളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുകൊണ്ടാണ് ക്ഷേമപെൻഷൻ വർദ്ധനയും സ്ത്രീ സുരക്ഷയും പോലുള്ള ക്ഷേമ പദ്ധതികള്‍ ഇടതുപക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തമാകുന്നത്.ഇടതുപക്ഷം കേരളത്തില്‍ വളർന്നത് ഒരു ജാതി-മത വികാരവും മുതലെടുത്തുകൊണ്ടല്ല. മറിച്ച്, തൊഴിലെടുക്കുന്നവരുടെ വർഗസംഘടനകള്‍ രൂപീകരിച്ച് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിക്കൊണ്ടാണ്.
വർഗീയതക്കെതിരെ വർഗനിലപാട് തന്നെയാണ് പ്രതിരോധം.എന്നാല്‍ യുഡിഎഫിന്റെ രാഷ്ട്രീയം അതല്ല. എല്ലാക്കാലത്തും കേരളത്തിലെ യുഡിഎഫ് വർഗീയ മുന്നണികളുടെ കോണ്‍ഫെഡറേഷൻ ആയിരുന്നു. പരസ്പരവൈരികളായ വർഗീയകക്ഷികളെപ്പോലും ഒരു കുടക്കീഴിലാക്കി തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള മെയ് വഴക്കം കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടപ്പിച്ചിട്ടുണ്ട്. ഇഎംഎസിനെ പരാജയപ്പെടുത്താൻ ജനസംഘവുമായി സഖ്യമുണ്ടാക്കിയതും വടകരയിലും ബേപ്പൂരിലും പരീക്ഷിച്ച കോ-ലീ-ബി സഖ്യവും കേരള ചരിത്രത്തിലെ നാണംകെട്ട അധ്യായങ്ങളാണ്.
ചാണക്യതന്ത്രം, സൃഗാലബുദ്ധിയെന്നൊക്കെ വാഴ്ത്തുമൊഴികള്‍ ചമച്ച് ഈ അപകടകരമായ അവസരവാദരാഷ്ട്രീയത്തിന് പൊതുസ്വീകാര്യതയുണ്ടാക്കിക്കൊടുക്കാൻ ചില മാധ്യമങ്ങളും കൈമെയ് മറന്ന് അധ്വാനിക്കുന്നുണ്ട്.ഇപ്പൊഴെന്താണ് സംഭവിക്കുന്നത്? പത്തുകൊല്ലമായി അധികാരത്തിന് പുറത്താണ് യുഡിഎഫ്. എങ്ങനെയെങ്കിലും അധികാരം പിടിക്കാൻ അവർക്കറിയാവുന്ന ഏകതന്ത്രം വർഗീയത ഇളക്കിവിടലാണ്.
ഏറ്റവും അപകടകരമായി ആ കളി കളിക്കുകയാണ് യുഡിഎഫ്. ലീഗിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഒന്നിപ്പിച്ചു നിർത്തി, സിപിഎം ഹിന്ദുത്വ വർഗീയത കളിക്കുന്നു എന്ന നരേറ്റീവ് സൃഷ്ടിക്കുന്നതിന്റെ പരിഹാസ്യത ആർക്കും മനസിലാകില്ലെന്നാണ് യുഡിഎഫിലെയും അവരുടെ പ്രൊപ്പഗാൻഡ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്ന മാധ്യമങ്ങളിലെയും സ്വയം പ്രഖ്യാപിത ബുദ്ധിരാക്ഷസന്മാർ ധരിച്ചു വെച്ചിരിക്കുന്നത്.
കോഴിക്കോട്ട് നടന്ന ലീഗിന്റെ വഖഫ് സംരക്ഷണറാലിയില്‍ ഉയർന്ന മുദ്രാവാക്യങ്ങളും പൊതുയോഗത്തിലെ ലീഗ് നേതാക്കളുടെ പ്രസംഗങ്ങളുമൊന്നും ആരും മറന്നിട്ടില്ല. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച മുദ്രാവാക്യങ്ങളുടെ തുടർച്ചയായി, മിശ്രവിവാഹത്തെ വ്യഭിചാരമായി ചിത്രീകരിച്ചും ഒരു സമുദായത്തെ തല്ലുതൊഴിലാളികളെന്ന് അധിക്ഷേപിച്ചും സമുന്നതരെന്ന് കരുതപ്പെടുന്ന നേതാക്കള്‍ പ്രസംഗിച്ചതും കേരളം ഞെട്ടലോടെയാണ് കണ്ടത്.
മുമ്ബ് എപ്പൊഴെങ്കിലും ലീഗ് യോഗങ്ങളും റാലികളും ഇതുപോലെ അധഃപതിച്ചിട്ടുണ്ടോ? മിശ്രവിവാഹിതരായ എത്രയോ രാഷ്ട്രീയനേതാക്കളും മന്ത്രിമാരും കേരളത്തിലുണ്ടായിട്ടുണ്ട്. അത് വിവാഹമല്ല, വ്യഭിചാരമാണ് എന്ന് അധിക്ഷേപിച്ച് പ്രസംഗിക്കാൻ ആരെങ്കിലും തയ്യാറായിട്ടുണ്ടോ? അതും സംസ്ഥാനനലത്തില്‍ സംഘടിപ്പിക്കപ്പെട്ട് ലോകമെമ്ബാടും ലൈവായി കാണുന്ന ഒരുപൊതുയോഗത്തില്‍. ഈ അധമ പ്രസംഗത്തെ അപലപിക്കാനും തള്ളിപ്പറയാനും എത്ര യുഡിഎഫ് നേതാക്കള്‍ ആർജവം കാണിച്ചു?
ഒരു സമുദായത്തിന്റെ പേരെടുത്തു പറഞ്ഞ് അവരെ തല്ലുതൊഴിലാളികളെന്ന് വിശേഷിപ്പിച്ചത് തെറ്റായിപ്പോയെന്നും പരാമർശം പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും ആ നേതാവിനെ സ്വകാര്യമായെങ്കിലും ഉപദേശിക്കാൻ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് നട്ടെല്ലുണ്ടായോ?ലീഗേതാ, ജമാഅത്തെ ഇസ്ലാമിയേതാ, എസ്ഡിപിഐ ഏതാ എന്ന് വേർതിരിച്ചറിയാനാവാത്ത വിധം ലീഗ് രാഷ്ട്രീയം ദുഷിച്ചുപോയതിന്റെ ഒന്നാന്തരം തെളിവായിരുന്നു, കോഴിക്കോട്ടെ വഖഫ് റാലിയിലുയർന്ന മുദ്രാവാക്യങ്ങളും ലീഗ് നേതാക്കളുടെ പ്രസംഗങ്ങളും.
ഒരു വശത്ത് ഈ വർഗീയത ഇങ്ങനെ കത്തിക്കാളുമ്ബോഴാണ് മറുവശത്ത് സിപിഎം നേതാക്കളെ ഹിന്ദുത്വച്ചാപ്പയടിക്കാനുള്ള കൊണ്ടുപിടിച്ച അഭ്യാസം. ഇതു രണ്ടും തുറന്നുകാണിക്കുകയെന്ന വലിയ ദൗത്യമാണ് ഇടതുപക്ഷത്തിന് ഏറ്റെടുക്കാനുള്ളത്.ഈ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യേണ്ടത്.
സിപിഎമ്മില്‍ ഹിന്ദുത്വചാപ്പകുത്തി യുഡിഎഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും അടിച്ചുവിട്ട പ്രചണ്ഡമായ പ്രചരണം താല്‍ക്കാലികമായെങ്കിലും വിജയം കണ്ടുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അതിന്റെ പേരില്‍ ന്യൂനപക്ഷങ്ങളാകെ ഇടതുപക്ഷത്തെ കൈവെടിഞ്ഞൂവെന്നൊക്കെ ആർപ്പുവിളിക്കുന്നതില്‍ കഥയൊന്നുമില്ല. എല്‍ഡിഎഫിന് ഇപ്പോഴും 40 ശതമാനം വോട്ട് കേരളത്തിലുണ്ട്. അതില്‍ എല്ലാ മതവിഭാഗങ്ങളുമുണ്ട്. ന്യൂനപക്ഷങ്ങളുടെ നാലിലൊന്ന് വോട്ട് എങ്കിലും ലഭിക്കാതെ എല്‍ഡിഎഫിന് 40 ശതമാനം വോട്ട് നേടാനാവില്ല.
ബിജെപിയുടെ കാര്യമെടുത്താലോ. കേരളത്തില്‍ അവരുടെ വോട്ട് 15-16 ശതമാനമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ 19.4 ശതമാനത്തിലേക്ക് അവരുടെ വോട്ട് ഉയർന്നപ്പോള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിന്റെ കൊടുമുടി കയറാമെന്നാണ് അമിത് ഷായ്ക്കുവരെ തോന്നലുണ്ടാക്കി. എന്നിട്ടും അവർക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 16 ശതമാനം വോട്ടേ കിട്ടിയുള്ളൂ.
യുഡിഎഫിന്റെ ഒത്താശയിലുണ്ടായ തിരുവനന്തപുരം നഗരസഭാ വിജയം മാറ്റിനിർത്തിയാല്‍ ബിജെപിയുടെ ഗതി താഴേക്കാണ്.ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്ക് ചാലുകീറുന്ന പണിയാണ് ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐ.യേയും പോലുള്ള ഇസ്ലാമിക് തീവ്രവാദികള്‍ ചെയ്യുന്നത്.ജമാഅത്തെ ഇസ്ലാമിയുടെ കുബുദ്ധിശാലയാണ് സിപിഎമ്മിനെ ഹിന്ദുത്വചാപ്പയടിച്ചു കൊണ്ടുള്ള പ്രചാരവേല ആസൂത്രണം ചെയ്തത്.
സിപിഎം നേതാക്കളെ തെരഞ്ഞുപിടിച്ച് ഹിന്ദുത്വവാദികളായി ചിത്രീകരിക്കുന്ന വാർത്താവിശകലനങ്ങളില്‍ മഹാഭൂരിപക്ഷവും മീഡിയാ വണ്ണിന്റെ സംഭാവനയാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം യുഡിഎഫിനെ വർഗീയ വിദ്വേഷരാഷ്ട്രീയത്തിന്റെ വെടിമരുന്നു ശാലയാക്കിയിട്ടുണ്ട്.
കേരളത്തിന്റെ സോഷ്യല്‍ ഫാബ്രിക്കിനെ പിച്ചിച്ചീന്തുന്ന, ദൂരവ്യാപകപ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാഷ്ട്രീയ പരീക്ഷണമാണിത്. ഇതു വിജയിച്ചുകൂടാ.ഇനി കോണ്‍ഗ്രസിനോടാണ്. നിങ്ങള്‍ രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ രാജ്യത്ത് നിരോധിച്ചിട്ടില്ലേ? ഉമ്മൻ ചാണ്ടി സർക്കാർ ഈ സംഘടനയെക്കുറിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലം എന്തായിരുന്നു? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി ബാന്ധവത്തില്‍ തെറ്റുപറ്റിയെന്ന് നിങ്ങള്‍ തന്നെയല്ലേ വിലയിരുത്തിയത്? ഇപ്പോള്‍ എന്തേ നിലപാട് മാറ്റാൻ കാരണം?
ഇപ്പോഴും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ജാഥ നടത്തുന്നത് മനുഷ്യർക്കൊപ്പം എന്നു പറഞ്ഞാണ്. ജെഫ്രി മുത്തുക്കോയ തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയോടൊപ്പം അല്ലായെന്നു വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യധാര ഇസ്ലാമിക് പ്രസ്ഥാനങ്ങള്‍പോലും തള്ളിപ്പറയുമ്ബോള്‍ കോണ്‍ഗ്രസ് എന്തിന് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു?ഈ വർഗീയരാഷ്ട്രീയക്കളിയുടെ ഗുണഭോക്താക്കള്‍ ബിജെപി ആയിരിക്കും.
അതുകൊണ്ട് ബിജെപിയെ എതിർക്കുമ്ബോള്‍ തന്നെ ജമാഅത്തെ ഇസ്ലാമിയേയും ക്രിസംഘികളെയും പോലുള്ള വർഗീയശക്തികളെ തുറന്ന് എതിർക്കുകതന്നെ ചെയ്യും. അങ്ങനെ മാത്രമേ കേരളത്തില്‍ ബിജെപിയെ ചെറുക്കാനാവൂ.നമുക്കറിയാം. കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയില്‍ ഒരു വർഗീയലഹള പോലും കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വർഗീയ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയ്ക്കെതിരെ ശക്തമായ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വർഗീയ ഭ്രാന്ത് ഇളകിയ ഇന്ത്യയില്‍ കേരളം മതനിരപേക്ഷതയുടെ ഒരു പച്ചത്തുരുത്തായി നിലനില്‍ക്കുന്നു.
അത് ഇനിയും ഇങ്ങനെ തന്നെ നിലനിർത്താൻ വേണ്ടിയാണ് എല്‍ഡിഎഫ് പ്രവർത്തിക്കുന്നത്.എല്‍ഡിഎഫിന്റെ നിലപാട് വളരെ വ്യക്തമാണ്. ബിജെപിയുടെ വർഗീയതയോടൊപ്പം തന്നെ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മതതീവ്രവാദികളുടെ നിലപാടുകളെ തുറന്നുകാണിക്കുകയും എതിർക്കുകയും ചെയ്യും.
ഇത് ജമാഅത്തെ ഇസ്ലാമിയെ ചെറുതായിട്ടൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. ഇടതുപക്ഷത്തെ ഹിന്ദുത്വവാദികളായി ചാപ്പകുത്തുന്നതിന് ന്യായങ്ങള്‍ തേടലുകളാണ് അവരുടെ ഇപ്പോഴത്തെ മുഖ്യപരിപാടി. ഇതുകൊണ്ടൊന്നും ഇടതുപക്ഷം നിലപാട് മാറ്റാൻ ഉദ്ദേശിക്കുന്നില്ല. തെറ്റിദ്ധാരണയുള്ളവരോട് നിലപാട് വിശദീകരിക്കുകയും ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയും ബിജെപിക്കെതിരായ ശക്തമായ നിലപാട് തുടരുകയും ചെയ്യും.
തങ്ങളെ എതിർക്കുന്നവരെയെല്ലാം ഹിന്ദുവിരുദ്ധരും രാജ്യദ്രോഹികളുമായിട്ടാണ് ആർഎസ്‌എസ് ചിത്രീകരിക്കുന്നത്. രാജ്യത്തെയും ഹിന്ദുക്കളെയും ആരും ആർഎസ്‌എസിന് തീറെഴുതിക്കൊടുത്തിട്ടില്ല. സാമാന്യബുദ്ധിയുള്ളവരെല്ലാം ആർഎസ്‌എസിന്റെ ഈ അവകാശവാദത്തെ പുച്ഛിച്ചു തള്ളുകയാണ് ചെയ്യുക.
ഈ തന്ത്രത്തിന്റെ മറുവശമാണ് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പയറ്റുന്നത്. അവരെ എതിർക്കുന്നവരെല്ലാം മുസ്ലിം വിരുദ്ധരാണുപോലും. അവരുടെ വിദ്വേഷരാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ഇസ്ലാമോഫോബിയയാണു പോലും.
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും എതിർക്കുന്നവരെല്ലാം ഹിന്ദുത്വചാപ്പ പേറുന്നവരാണുപോലും. തങ്ങളെ എതിർക്കുന്നവരോട്, പാകിസ്ഥാനില്‍ പോകൂവെന്ന് ആക്രോശിക്കുന്ന ആർഎസ്‌എസുകാരെ കണ്ടിട്ടില്ലേ. അവരെ ദുർബലമായി അനുകരിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും. മതനിരപേക്ഷതയെ പുച്ഛത്തോടെ കാണുന്ന രാഷ്ട്രീയചിന്താഗതിയുടെ പ്രതിഫലനമാണിത്.
മതനിരപേക്ഷതയുടെ പക്ഷത്താണ് ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നത്. അതോടൊപ്പം അധ്വാനിക്കുന്നവരെ ജാതിക്കും മതത്തിനും അതീതമായി ഒന്നിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രവർത്തനം തുടരും. എല്ലാ വർഗീയശക്തികളെയും നിലപാടുകളെയും അജണ്ടയെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കും. ഒരു സംശയവും വേണ്ട''.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR