Enter your Email Address to subscribe to our newsletters

Idukki, 10 ജനുവരി (H.S.)
ഏറെ നാളായി സിപിഎമ്മുമായി അകല്‍ച്ചയില്‍ ആയിരുന്ന ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്ര അവസാനം ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ബിജെപിയുമായി അടുപ്പത്തിലായിരുന്നു രാജേന്ദ്രന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണവും നടത്തി. എന്നാല്‍ അന്ന് ഒന്നും ബിജെപി അംഗത്വം എടുക്കുന്നത് സംബന്ധിച്ച് പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.സിപിഐയിലോ ബിജെപിയിലോ തന്നെ പിന്തുണച്ചവര്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുമെന്നും വ്യക്തമാക്കി.
''ഞാന്‍ ബിജെപിയില്‍ ചേരും.'' ഇതായിരുന്നു എസ് രാജേന്ദ്രന്റ ഇന്നത്തെ പ്രഖ്യാപനം. ബിജെപി സംസ്ഥാന നേതാക്കളുടെ സൗകര്യം കൂടി അറിഞ്ഞ ശേഷം മൂന്നാറില്‍ പൊതുയോഗം സംഘടിപ്പിച്ച് അംഗത്വം സ്വീകരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎംസ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു പാര്‍ട്ടിയില്‍നിന്നു രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് മുതല്‍ സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണു ബിജെപിയില്‍ ചേരാനുള്ള തീരുമാനം പരസ്യമാക്കിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള തോട്ടം മേഖലയില്‍ രാജേന്ദ്രന്റെ വരവോടെ സ്വാധീനം നേടാം എന്ന കണക്കുകൂട്ടലിലാണ് ബിജെപി.
---------------
Hindusthan Samachar / Sreejith S