Enter your Email Address to subscribe to our newsletters

Kochi, 10 ജനുവരി (H.S.)
പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ബ്രാന്‍ഡ് അംബാസിഡര്‍ക്ക് എതിരെ കേസെടുക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. ധനകാര്യസ്ഥാപനം പാലിച്ചില്ലെന്ന് കാണിച്ച് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയാണ് ഹൈക്കോടതി തള്ളിയത്. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സ്ഥാപനം നല്‍കുന്ന വാഗ്ദാനം പാലിക്കാന്‍ ബ്രാന്‍ഡ് അംബാസഡര്‍ ബാധ്യസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഉപഭോക്തൃ സംരക്ഷണനിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ബ്രാന്‍ഡ് അംബാസഡറും സ്ഥാപനവും തമ്മില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് റദ്ദാക്കിയത്. ധനകാര്യസ്ഥാപനം സ്വര്‍ണപ്പണയവായ്പയ്ക്ക് പരസ്യം വാഗ്ദാനം ചെയ്തതിനേക്കാള്‍ ഉയര്‍ന്ന പലിശ ആവശ്യപ്പെട്ടുവെന്നായിരുന്നു കേസ്. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍ മാത്രമായിരുന്നുവെന്നും സ്ഥാപനത്തിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ മേല്‍ ഉത്തരവാദിത്വം ചുമത്താനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.
പരാതിയില്‍നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജി ജില്ലാ, സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനുകള്‍ തള്ളിക്കളഞ്ഞതിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിവര്‍ഷം 15 ശതമാനം പലിശയ്ക്ക് ഒരു ബാങ്കില്‍ പണയം വെച്ചതായും പിന്നീട് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്തുകൊണ്ട് സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഫിനാന്‍സ് മാനേജര്‍ ഈ വായ്പ ഏറ്റെടുത്തതായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങള്‍ കാരണം അവര്‍ ഈ ഓഫറിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നുമായിരുന്നു സ്ഥാപനത്തിനെതിരെയും നടനെതിരെയും നല്‍കിയ പരാതിയിലെ വാദം. വായ്പ അടച്ചുതീര്‍ക്കാനും സ്വര്‍ണം തിരികെ വാങ്ങാനും ഫിനാന്‍സ് മാനേജരെ സമീപിച്ചപ്പോള്‍, പരസ്യം ചെയ്തതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ആവശ്യപ്പെട്ടതായും പരാതിയില്‍ പറഞ്ഞു.
സെക്ഷന്‍ 21 പ്രകാരം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്താം. എന്നാല്‍ അംഗീകരിക്കുന്നയാളും സേവനം ലഭ്യമാക്കുന്ന വ്യക്തികളും തമ്മില്‍ നേരിട്ടുള്ള ബന്ധം ഉണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. പരാതിയില്‍ നടനെക്കുറിച്ച് രണ്ട് പരാമര്‍ശങ്ങള്‍ മാത്രമാണുള്ളതെന്നും ആദ്യത്തേത് നടന്‍ അംബാസഡര്‍ ആയിരുന്നു എന്നും രണ്ടാമത്തേത് മോഹന്‍ലാല്‍ പരസ്യങ്ങളില്‍ അംഗീകരിച്ച പലിശ നിരക്ക് ആയിരിക്കുമെന്ന് ധനകാര്യസ്ഥാപനം ഉറപ്പുനല്‍കി പരാതിക്കാരും നടനും തമ്മില്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമുള്ള പരിഹാരം തേടാന്‍ പരാതിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S