Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം നിലിവില്‍ ചികിത്സയിലുളളത്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഇസിജിയില്‍ കണ്ടെത്തിയ പ്രശനങ്ങളേയും തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
ഇന്ന് രാവിലെ സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദം, കാലിന് നീര്, ഇസിജിയിലെ വ്യതിയാനം എന്നിവ കണ്ടെത്തി. രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. രാവിലെ ഭക്ഷണം കൊടുക്കാന്‍ എത്തിയപ്പോഴാണ് ജയില്‍ അധികൃതരോട് ഡോക്ടറെ കാണണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്. തന്ത്രിക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, തന്ത്രിയുടെ വീട്ടിലെ എസ്‌ഐടി റെയ്ഡും പുരോഗമിക്കുകയാണ്. ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ തേടിയാണ് പരിശോധന നടക്കുന്നത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് തേടുന്നത്.
ഉച്ചയ്ക്ക് 2.50 യോടെയാണ് എട്ടുപേരടങ്ങിയ പ്രത്യേകസംഘം പരിശോധന തുടങ്ങിയത്. വന്‍ പോലീസ് സന്നാഹമാണ് പരിശോധനയുടെ ഭാഗമായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. വീട്ടില്‍ കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉളളത്. പരിഓശധന വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് കണ്ഠര് രാജീവരെ എസ്‌ഐടി സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇസിജി ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയതിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കി മാറ്റിയിട്ടുണ്ട്.
ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍. വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിര്‍മാണത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേയാണിത്.
ദ്വാരപാലക ശില്‍പ കേസിലും തന്ത്രിയെ പ്രതി ചേര്‍ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തന്ത്രി ദേവസ്വം മാനുവല്‍ ലംഘനത്തിനു കൂട്ടു നിന്നു, സ്വര്‍ണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതില്‍ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണക്കൊള്ളയില്‍ തനിക്ക് ബന്ധമൊന്നുമില്ലെന്ന മറുപടി മാത്രമാണ് തന്ത്രി നല്‍കിയത്. അന്ന് ചില വിവരങ്ങള്‍ അറിയാനെന്ന തരത്തില്‍ അന്വേഷണസംഘം വിളിച്ചു വരുത്തുകയായിരുന്നു. ഒരു ചോദ്യംചെയ്യലിന്റെ പ്രതീതി ഉണ്ടാക്കാതെ ആയിരുന്നു ഇടപെടല്‍. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷമുണ്ടായ അതേ ആത്മവിശ്വാസത്തോടെയാണ് വെള്ളിയാഴ്ചയും തന്ത്രി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. സഹായി നാരായണന്‍ നമ്പൂതിരിക്കൊപ്പമാണ് എത്തിയത്. കാര്യങ്ങള്‍ ഏകദേശം ഉറപ്പിച്ച ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉള്‍പ്പെടെയുള്ളവരുടെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
---------------
Hindusthan Samachar / Sreejith S