താമരയേയും ഉള്‍പ്പെടുത്തി; വിവാദങ്ങളില്ലാതെ കലോത്സവം നടത്താന്‍ മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം
Thrissur, 10 ജനുവരി (H.S.) 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെ പേര് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് അവസാനം. തൃശ്ശൂരിലെ വേദികള്‍ക്ക് പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. 249 മത്സരങ്ങള്‍ നടത്താനായി 25 വേദികളാണ് സജ്ജമാകുന്നത്. സൂര്യകാന്തി
shivankutty


Thrissur, 10 ജനുവരി (H.S.)

64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെ പേര് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് അവസാനം. തൃശ്ശൂരിലെ വേദികള്‍ക്ക് പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്.

249 മത്സരങ്ങള്‍ നടത്താനായി 25 വേദികളാണ് സജ്ജമാകുന്നത്. സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുല്‍മോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പല്‍പ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ പൂക്കളുടെ പേരുകള്‍ നല്‍കി.

ദേശീയ പുഷ്പമായിട്ടും താമരയെ ഒഴിവാക്കി. ഇതോടെ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തി. ബിജെപിയുടെ ചിഹ്നമായതിനാലാണ് ഒഴിവാക്കിയതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം കൂടി വന്നതോടെ വിവാദം കനത്തു. ബിജെപിയും യുവമോര്‍ച്ചയും പ്രതിഷേധം ശക്തമാക്കി. ഇതോടെ നിലപാട് മാറ്റിയിരിക്കുകയാണ് മന്ത്രി.

താമരയുടെ പേര് വേദിക്കിട്ട് വിവാദം അവസാനിപ്പിച്ചിരിക്കുകയാണ് മന്ത്രി. 15-ാം നമ്പര്‍ വേദിയുടെ ഡാലിയ എന്ന പേര് മാറ്റിയാണ് താമരക്ക് സ്ഥാനം നല്‍കിയത്. ജനുവരി 14 മുതല്‍ 18 വരെയാണ് ഇത്തവണത്തെ കലോത്സവം. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും. .കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി മുഖ്യാതിഥി ആയി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ 'സര്‍വംമായ' എന്ന സിനിമയിലൂടെ 'ഡെലേലു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റിയ ഷിബു പ്രത്യേക അതിഥിയായി പങ്കെടുക്കും.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ നാട് പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്ത.

* അടിസ്ഥാന സൗകര്യങ്ങള്‍: വേദികളുടെയും പന്തലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കും. പ്രധാന വേദികളിലെ ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം, ഇലക്ട്രിക്കല്‍ പരിശോധനകള്‍ എന്നിവ പൂര്‍ത്തിയായി.

* ഭക്ഷണവും താമസവും: കലോത്സവത്തിനെത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം നല്‍കുന്നതിനായി ദിവസേനയുള്ള മെനു തയ്യാറാക്കി. ഭക്ഷണ വിതരണത്തിനുള്ള കൂപ്പണുകളും വിതരണ സംവിധാനവും സജ്ജമാണ്. താമസ സൗകര്യമൊരുക്കുന്ന സ്‌കൂളുകളില്‍ വെളിച്ചം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.

* മത്സര നടത്തിപ്പ്: മത്സര ക്രമം സംബന്ധിച്ച ക്ലസ്റ്റര്‍ ലിസ്റ്റുകള്‍ തയ്യാറാക്കി. വിധിനിര്‍ണ്ണയം സുതാര്യമാക്കാന്‍ വിപുലമായ ഐടി സംവിധാനങ്ങളും ടാബുലേഷന്‍ ക്രമീകരണങ്ങളും സജ്ജമാണ്. ഓരോ വേദികളിലും സ്റ്റേജ് മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരുടെ സേവനം ഉറപ്പാക്കി. മത്സര ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മീഡിയ റൂം, പവലിയന്‍ എന്നിവ സജ്ജീകരിക്കും.

* ഗതാഗതം & സുരക്ഷ: മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും യാത്ര ചെയ്യാന്‍ ആവശ്യമായ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ഫിറ്റ്‌നസ് പരിശോധനയും നടത്തി. വേദികളിലെ തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും.

* ഹരിത കലോത്സവം: 'ഉത്തരവാദിത്ത കലോത്സവം' എന്ന ആശയത്തിലൂന്നി ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. മത്സരശേഷം വേദികള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ചുമതലകള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്.

സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര, വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ്, സാംസ്‌കാരിക ഘോഷയാത്ര എന്നിവയോടെ കലോത്സവം വന്‍ വിജയമാക്കാന്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News