12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 374 പില്ലറുകള്‍; അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേ പണി അന്തിമഘട്ടത്തില്‍!
Kochi, 11 ജനുവരി (H.S.) ഏറെനാളായി കൊച്ചി നഗരവാസികളും ആലപ്പുഴ-എറണാകുളം ജില്ലകളിലെ യാത്രികരും ഒരുപോലെ കാത്തിരിക്കുന്ന പദ്ധതിയാണ് അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ. ഇതിന്റെ ഓരോ വിവരങ്ങളും സസൂക്ഷ്‌മമാണ് എല്ലാവരും കേട്ടു കൊണ്ടിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തി
Aroor-Thuravoor Elevated Highway


Kochi, 11 ജനുവരി (H.S.)

ഏറെനാളായി കൊച്ചി നഗരവാസികളും ആലപ്പുഴ-എറണാകുളം ജില്ലകളിലെ യാത്രികരും ഒരുപോലെ കാത്തിരിക്കുന്ന പദ്ധതിയാണ് അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ.

ഇതിന്റെ ഓരോ വിവരങ്ങളും സസൂക്ഷ്‌മമാണ് എല്ലാവരും കേട്ടു കൊണ്ടിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ നിർണായകമായ ഒരു വിവരമാണ് പുറത്തുവരുന്നത്. ഈ എലവേറ്റഡ് പാതയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി എന്നാണ് വിവരം.

ദേശീയ പാത 66ന്റെ ഭാഗമായുള്ള ഈ ഉയർപ്പാതയുടെ 86 ശതമാനം പണികള്‍ പൂർത്തിയായി കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ അകൃത്യം. ഇനി വെറും നാലിടത്തായി 40 ഗർഡറുകള്‍ മാത്രമാണ് സ്ഥാപിക്കാനുള്ളത്. 2605 ഗർഡറുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 374 ഒറ്റത്തൂണുകളിലാണ് 12 കിലോമീറ്റർ ദൈർഘ്യത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്.രാജ്യത്തെ തന്നെ ഏറ്റവും വലിയ മേല്‍പാലമാണ് ഇവിടെ പണിത് കൊണ്ടിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് കേരളത്തിന്റെ സ്വപ്‌ന പദ്ധതി കടന്നുപോവുന്നത്. ഇനി അരൂർ പള്ളി ജംഗ്‌ഷനില്‍ 10 ഗർഡറുകള്‍ ഉയർത്താനുണ്ട്. ഇവിടെ ജോലികള്‍ പുരോഗമിച്ചു വരികയാണ്.

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന വിശേഷണമുള്ള കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ പാത കൊണ്ട് വന്നിരിക്കുന്നത്. ദേശീയപാത 66ന്റെ ഭാഗമാണ് ഇത്.

ദേശീയ പാത അതോറിറ്റിയുടെ 2200 കോടി രൂപയുടെ പദ്ധതി ഈ മെയ് മാസത്തോടെ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതിന് മുന്നോടിയായി തന്നെ പദ്ധതി പൂർത്തിയാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

ചില തടസങ്ങള്‍ ഇപ്പോഴും ബാക്കിഉയരപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 110 കെവി വൈദ്യുത ലൈൻ ഉയർത്തുന്നതിന് ടവർ സ്ഥാപിക്കുന്ന പണികള്‍ തടസപ്പെട്ടതോടെ ഇവിടെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അരൂർ ഗ്രാമീണ്‍ സർവീസ് സഹകരണ സംഘത്തിന്റെ ഭൂമിയോട് ചേർന്നാണ് ഈ പണികള്‍ നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ സഹകരണ സംഘം നിർമ്മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് ഭൂമിയുടെ വാടക ചോദിച്ചതാണ് പദ്ധതി വൈകാൻ കാരണമാവുന്നത്.

പളളി ജംഗ്‌ഷനില്‍ വൈദ്യുത ലൈൻ ഉയർത്തുന്ന പണികള്‍ പൂർത്തിയാക്കിയാല്‍ മാത്രമേ എആർ റസിഡൻസി ഹോട്ടലിനു സമീപമുള്ള ഇഎച്ച്‌ടി ലൈനുകള്‍ ഉയർത്താനുള്ള ന‌ടപടികള്‍ സ്വീകരിക്കാൻ സാധിക്കൂ. ഇതാണ് ഈ ഭാഗത്ത് 23, 24, 25 പില്ലറുകളില്‍ ഗർഡറുകള്‍ സ്ഥാപിക്കാൻ കഴിയാതെ പദ്ധതി വൈകുന്നത്.

എആർ ഹോട്ടലിന് സമീപത്തായി മേല്‍പറഞ്ഞ മൂന്ന്‌ തൂണുകളിലായി ആകെ 21 ഗർഡറുകളാണ് ഇനി സ്ഥാപിക്കേണ്ടത്.കളമശേരി, ആലപ്പുഴ എന്നിവിടങ്ങളിലെ വൈദ്യുത പ്രസരണ വിഭാഗത്തിന്റെ സാങ്കേതിക സഹായം ഈ ജോലികള്‍ക്ക് വേണ്ടി വരും. ഇവ കൂടാതെ കുത്തിയതോട് പാലത്തിലും ഗർഡറുകള്‍ ഉയർത്തേണ്ടതുണ്ട്. ഇവിടങ്ങളില്‍ ലോഞ്ചിങ് ഗ്യാൻട്രിയുടെ സഹായമില്ലാതെയാണ് ഒന്നിലേറെ വലിയ ക്രെയിൻ ഉപയോഗിച്ച്‌ ഗർഡറുകള്‍ സ്ഥാപിക്കേണ്ടത്, ഇത് അപകട സാധ്യത കൂടിയ ജോലിയായതിനാല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എൻഎച്ച്‌ 66ല്‍ നിന്ന് സംസ്ഥാന പാതയിലേക്കു പോകുന്ന റാമ്ബും ഉയരപ്പാതയും ചേരുന്ന ഭാഗമായതിനാല്‍ ഈ ഭാഗത്ത് ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ സാധിക്കില്ല എന്നതാണ് ഇവിടുത്തെ വെല്ലുവിളി. നേരത്തെ അങ്ങനെയായിരുന്നു ചെയ്‌തിരുന്നത്‌.

എന്തായാലും മാർച്ച്‌ മാസത്തോടെ ഒരു ഭാഗം തുറന്ന് കൊടുക്കുമെന്നാണ് ലഭ്യമായ വിവരം. പൂർണമായി അരൂർ-തുറവൂർ ഉയരപ്പാത എപ്പോള്‍ പ്രവർത്തനക്ഷമമാവുമെന്ന് അധികം വൈകാതെ അറിയാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News