മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ സമരത്തിലേക്ക്; 1.95 ലക്ഷം പേര്‍ പങ്കെടുക്കുന്ന സമരം പദ്ധതിയുടെ പേരുമാറ്റത്തിലും പുതിയ വ്യവസ്ഥകളിലും പ്രതിഷേധിച്ച്‌
Alappuzha, 11 ജനുവരി (H.S.) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പുതിയ വ്യവസ്ഥകളിലും പ്രതിഷേധിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരത്തിലേക്ക്. ഈമാസം 15-നാണ് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരം. 1.95
Mahatma Gandhi National Rural Employment Guarantee


Alappuzha, 11 ജനുവരി (H.S.)

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പുതിയ വ്യവസ്ഥകളിലും പ്രതിഷേധിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരത്തിലേക്ക്.

ഈമാസം 15-നാണ് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരം. 1.95 ലക്ഷം പേരാണു ജില്ലയില്‍ സമരത്തിനിറങ്ങുന്നത്.

മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീണ്‍) എന്നാണ് പദ്ധതിക്ക് കേന്ദ്രം പുതിയ പേരിട്ടിരിക്കുന്നത്. ഇതിനു പുറമേ കേന്ദ്രവിഹിതം 60 ശതമാനമായി കുറയ്ക്കുകയും സംസ്ഥാനവിഹിതം 40 ശതമാനമായി കൂട്ടുകയും ചെയ്തു. കാർഷിക സീസണില്‍ തൊഴിലുറപ്പ് പദ്ധതി പാടില്ലെന്ന നിബന്ധനയും കൊണ്ടുവന്നു. ഇതെല്ലാം തൊഴില്‍ദിനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് ആശങ്ക.

അടുത്ത സാമ്ബത്തികവർഷം മുതലേ പുതുക്കിയ രീതിയിലുള്ള പദ്ധതി നടപ്പാകൂ. എങ്കിലും ഈ സാമ്ബത്തിക വർഷത്തെ പദ്ധതി നടത്തിപ്പിനെയും അത് ബാധിക്കുമെന്നാണ് ആശങ്ക. നിലവില്‍ 57.12 ലക്ഷം തൊഴില്‍ദിനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 52.92 ലക്ഷം തൊഴില്‍ദിനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ശരാശരി 41 ദിവസത്തെ തൊഴില്‍ മാത്രമാണ് ഇതുവരെ ഒരുകുടുംബത്തിനു നല്‍കാനായത്.

കഴിഞ്ഞതവണ 66.48 ലക്ഷം തൊഴില്‍ദിനങ്ങളാണ് ആദ്യം അനുവദിച്ചിരുന്നത്. എന്നാല്‍, പഞ്ചായത്തുകള്‍ തൊഴില്‍ ആവശ്യപ്പെട്ടവർക്കെല്ലാം നല്‍കി. ഇതോടെ തൊഴില്‍ദിനങ്ങള്‍ 1.04 കോടിയായി ഉയർത്താൻ കഴിഞ്ഞു. ഇതോടെ തൊഴില്‍ ചെയ്തതിന്റെ കൂലി നല്‍കാൻ കേന്ദ്രം നിർബന്ധിതരായി. എന്നാല്‍, ഇത്തവണ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ പഞ്ചായത്ത് നല്‍കിയാലും പുതുക്കിയ വ്യവസ്ഥ കേന്ദ്രം ബാധകമാക്കി കൂലി തടയുമോയെന്നാണ് ആശങ്ക.

100 കിട്ടുന്നില്ല, പിന്നെങ്ങനെ 125?

പദ്ധതിയുടെ പേരുമാറ്റത്തിനൊപ്പം തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്ന് 125 ആയി വർധിപ്പിക്കുമെന്നാണു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാല്‍, ഈ സാമ്ബത്തികവർഷം ഇതുവരെ ജില്ലയില്‍ 2,515 കുടുംബങ്ങള്‍ക്ക് മാത്രമാണ് 100 തൊഴില്‍ദിനം ലഭിച്ചത്. കഴിഞ്ഞ സാമ്ബത്തികവർഷം അരലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനം നല്‍കിയ സ്ഥാനത്താണിത്. തൊഴില്‍ ദിനങ്ങള്‍ കുറയ്ക്കാനുള്ള നിബന്ധനകള്‍ കൊണ്ടുവന്നശേഷം അത് 125 ആയി വർധിപ്പിക്കുമെന്നതിന്റെ ഇരട്ടത്താപ്പും തൊഴിലുറപ്പ് തൊഴിലാളി സംഘടന ചോദ്യം ചെയ്യുന്നുണ്ട്.

തൊഴിലാളികളെ സമരത്തിലേക്കു നയിച്ച കാരണങ്ങള്‍

• ആവശ്യപ്പെടുന്ന മുറയ്ക്ക് തൊഴില്‍ ലഭ്യമാക്കുന്ന അവകാശാധിഷ്ഠിത പദ്ധതിയെ തൊഴിലുറപ്പില്ലാത്ത പദ്ധതിയാക്കി പരിമിതപ്പെടുത്തി.

• ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് ഇല്ലെന്ന പേരില്‍ ഒട്ടേറെ കുടുംബങ്ങളെ പദ്ധതിയില്‍നിന്ന്‌ ഒഴിവാക്കി.

• പദ്ധതിക്കു വകയിരുത്തുന്ന തുക ഓരോ വർഷവും കുറച്ചു.

• തൊഴില്‍ ബജറ്റ് കുറച്ചതുമൂലം ശരാശരി തൊഴില്‍ദിനങ്ങള്‍ 50-ല്‍ത്താഴെയായി.

• പദ്ധതിയുടെ ബാധ്യത സംസ്ഥാനത്തിന്റെ ചുമലിലാക്കി.

• മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അധികാരമില്ലാതാക്കി.

• കാർഷിക സീസണില്‍ തൊഴിലുറപ്പു പദ്ധതി പാടില്ലെന്ന വ്യവസ്ഥകൊണ്ടുവന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News