Enter your Email Address to subscribe to our newsletters

Trivandrum, 12 ജനുവരി (H.S.)
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി സർക്കാർ. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം (SIT) നിയമസഭാ സ്പീക്കറെ രേഖാമൂലം അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നടപടികൾക്ക് തുടക്കമായേക്കുമെന്നാണ് സൂചന.
അയോഗ്യതാ നടപടികൾ ഇങ്ങനെ
എസ്ഐടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ നിയമോപദേശം തേടും. ഒരു ജനപ്രതിനിധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, എംഎൽഎമാർ പാലിക്കേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിക്കുകയോ ചെയ്താൽ അയോഗ്യനാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം സ്വയം രാജിവെക്കാൻ തയ്യാറായിട്ടില്ലെങ്കിൽ, നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സഭയ്ക്ക് അദ്ദേഹത്തെ പുറത്താക്കാം. എത്തിക്സ് കമ്മിറ്റിക്ക് ഏതെങ്കിലും അംഗം പരാതി നൽകിയാൽ മാത്രമേ ഈ നടപടികളിലേക്ക് കടക്കാനാകൂ. ബലാത്സംഗക്കേസ് പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടത് ജനപ്രതിനിധി എന്ന നിലയിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഭരണപക്ഷം.
ഭീഷണി സന്ദേശങ്ങൾ പുറത്ത്
അതിനിടെ, മൂന്നാമത്തെ പീഡന പരാതി നൽകിയ അതിജീവിതയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നത് കേസിൽ വലിയ വഴിത്തിരിവായിരിക്കുകയാണ്. ആരെയാ നീ പേടിപ്പിക്കുന്നത്? എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പുറത്തുവന്നത്. ഇത് അതിജീവിതയെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും അതുകൊണ്ട് തന്നെ രാഹുലിന് ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.
കോടതി നടപടികൾ
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം. നിലവിൽ മാവേലിക്കര ജയിലിൽ കഴിയുന്ന രാഹുലിനെ സുരക്ഷാ കാരണങ്ങളാലും അന്വേഷണ സൗകര്യത്തിനായും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കെ, കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ രാഷ്ട്രീയ പ്രേരിതമായാണ് കേസുകൾ എടുക്കുന്നതെന്നാണ് കോൺഗ്രസിന്റെ വാദം. വരും ദിവസങ്ങളിൽ സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകുന്ന തീരുമാനം കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്
---------------
Hindusthan Samachar / Roshith K