Enter your Email Address to subscribe to our newsletters

sriharikota, 12 ജനുവരി (H.S.)
ഐഎസ്ആര്‍ഒയുടെ പുതുവര്‍ഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടത്തും. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - എന്‍1 (അന്വേഷ)യ്‌ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിക്കും. പിഎസ്എല്‍വി സി62 ഇഒഎസ്-എന്‍ വണ്‍ ദൗത്യം രാവിലെ 10.17നാണ് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയരുക.
ഡിആര്‍ഡിഒ രൂപകല്‍പന ചെയ്ത സങ്കീര്‍ണമായ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. ബെംഗളൂരുവിലെ ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റ് എഐഡി എയ്റോസ്പേസിന്റെ 'ആയുല്‍സാറ്റാ'ണു മറ്റൊരു പ്രധാന ഉപഗ്രഹം. ഇന്‍ഡോ-മൊറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്‌പെയിനിന്റെ കെസ്ട്രല്‍ ഇനിഷ്യല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (കിഡ്), യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ ഏകദേശം 200 കിലോ ഭാരമുള്ള മറ്റ് ഉപഗ്രങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും.
ഓര്‍ബിറ്റ് എയ്ഡിന്റെ 25 കിലോഗ്രാം ഭാരമുള്ള 'ആയുല്‍സാറ്റ്' പിഎസ്എല്‍വി-സി62 ല്‍ വിക്ഷേപിക്കുമ്പോള്‍ മറ്റൊരു ചരിത്ര നിമിഷത്തിനു കൂടിയാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുക. ഭ്രമണപഥത്തില്‍ വച്ച് ഉപഗ്രഹത്തില്‍ ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനാണ് ഇന്ത്യ തയാറെടുക്കുന്നത്. ഇതുവരെ ചൈനയ്ക്കു മാത്രമേ ഈ സാങ്കേതിക വിദ്യ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷമാണ് ചൈന ഈ നേട്ടം കൈവരിച്ചത്. യുഎസ് കമ്പനിയായ ആസ്‌ട്രോസ്‌കെയില്‍ ഇത്തരം സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനിടെയാണ് ഐഎസ്ആര്‍ഒയുടെ സുപ്രധാന നീക്കമെന്ന പ്രത്യേകതയുണ്ട്.
പരീക്ഷണം വിജയമായാല്‍ വലിയ നേട്ടമാകും ഐഎസ്ആര്‍ഒക്ക്. ഐഎസ്ആര്‍ഒയുടെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വയുടെ കരുത്ത് കൂട്ടുന്നതും വിജയമായിരുന്നു. കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിക്കാന്‍ മൂന്നാംഘട്ടത്തിനു വേണ്ടി തയാറാക്കിയ പുതിയ മോട്ടര്‍ വിജയകരമായി പരീക്ഷിച്ചു. 90 കിലോഗ്രാം വരെ അധികഭാരം വഹിക്കാന്‍ റോക്കറ്റിനു ശേഷി നല്‍കുന്നതാണ് പുതിയ പരീക്ഷണം.
പുതിയതായി രൂപകല്‍പന ചെയ്ത മൂന്നാംഘട്ട മോട്ടറിന് (എസ്എസ്3) ഭാരമേറിയ ലോഹങ്ങള്‍ക്കു പകരം കാര്‍ബണ്‍- ഇപോക്‌സി കോംപസിറ്റ് കൊണ്ടുള്ള പുറംചട്ട ഉപയോഗിച്ചതിലൂടെയാണ് റോക്കറ്റിന്റെ പേലോഡ് ശേഷി ഏകദേശം 90 കിലോഗ്രാം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. മൂന്നാം ഘട്ടമാണ് റോക്കറ്റിന് അവസാനവട്ട കുതിപ്പ് നല്‍കി സെക്കന്‍ഡില്‍ 4 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്. മോട്ടര്‍ ജ്വലിപ്പിക്കാനുള്ള മെച്ചപ്പെട്ട ഇഗ്‌നൈറ്റര്‍, ഊര്‍ജം പകരാന്‍ പുറന്തള്ളുന്ന വാതകങ്ങളെ നിയന്ത്രിക്കുന്ന പുതുക്കിയ നോസില്‍ എന്നിവയും ഈ ഘട്ടത്തിന്റെ ഭാഗമാണ്. ഈ മാറ്റങ്ങള്‍ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും കരുത്തുറ്റതുമാക്കും.
---------------
Hindusthan Samachar / Sreejith S