കേന്ദ്രത്തിന് എതിരെ സമരം ചെയ്യാന്‍ ജോസ് കെ മാണി എത്തിയില്ല; എല്‍ഡിഎഫിനും വരുന്നില്ല; ചര്‍ച്ചകള്‍ സജീവം
Thiuvanathapuram, 12 ജനുവരി (H.S.) കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമോ എന്ന ചര്‍ച്ച രാഷ്ട്രീയ കേരളത്തില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് അത്തരമൊരു ആഗ്രഹം ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. അപ്പോഴെല്ലാം പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന
Jose K Mani


Thiuvanathapuram, 12 ജനുവരി (H.S.)

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമോ എന്ന ചര്‍ച്ച രാഷ്ട്രീയ കേരളത്തില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് അത്തരമൊരു ആഗ്രഹം ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. അപ്പോഴെല്ലാം പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും വിട്ട് പോകില്ലെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാവുകയാണ്

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തില്‍ ജോസ് കെ. മാണി പങ്കെടുക്കാത്തതാണ് ചര്‍ച്ചകളുടെ ശക്തി വര്‍ദ്ധിപ്പിച്ചത്. മന്ത്രി റോഷി അഗ്സ്റ്റിന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ സമരത്തില്‍ മാത്രമവ്വ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് മുന്നണി ബന്ധം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്ന് അഭ്യൂഹം പരക്കുന്നത്.

എല്‍ഡിഎഫിന്റെ മേഖലാ ജാഥയില്‍ മധ്യമേഖലയുടെ ക്യാപ്റ്റന്‍ ജോസ് കെ മാണിയാണ്. എന്നാല്‍ ആ സ്ഥാനവും ഏറ്റെടുക്കുന്നതായി ജോസ് കെ മാണി വ്യക്തമാക്കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്. ഇത്രയും പ്രധാന ജാഥയായിട്ടും ജോസ് കെ മാണി എന്തുകൊണ്ട് അറച്ചു നില്‍ക്കുന്നു എന്നതിലാണ് സിപിഎമ്മിന് ആശങ്ക.

പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ക്രൈസ്തവ സഭയില്‍ നിന്നടക്കം ജോസ് കെ മാണിക്ക് സമ്മര്‍ദ്ദമുണ്ട്.പാര്‍ട്ടിക്കുള്ളില്‍ പോലും യുഡിഎഫ് ബന്ധമാണ് നല്ലത് എന്ന അഭിപ്രായം ഏറുകയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു വിരുദ്ധ മനോഭാവത്തിന്റെ സൂചനകളാണ് ഉണ്ടായതെന്നും ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേചനബുദ്ധി കാട്ടണമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തോട് ഇക്കൂട്ടര്‍ പറയുന്നത്. 2021ല്‍ ഇടത് അനുകൂല സാഹചര്യം നിലനിന്നപ്പോള്‍ പോലും 12 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്തു മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഇതു കണക്കിലെടുക്കുമ്പോള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും മുന്നണിമാറ്റത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നു.

അതേസമയം, പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തള്ളിപ്പറയുന്നത് അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയായി വിലയിരുത്തപ്പെടുമെന്നാണ് മറുവാദം. എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കണമെന്നാണ് എംഎല്‍എമാരില്‍ ചിലരുടെ നിലപാട്. പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് മറ്റ് എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. 16ന് ചേരുന്ന നേതൃയോഗത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയാവും നടക്കുക.

കേരളാ കോണ്‍ഗ്രസ് എമ്മിനെ തിരിച്ചു കൊണ്ടുവരുന്നതിനെ അനുകൂലിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ലീഗും ഇതിന് അനുകൂലമാണ്. ഭരണമാറ്റം ഉറപ്പിക്കാനുള്ള ഒരു സാധ്യതയും ഇക്കുറി തള്ളിക്കളയരുതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതേ സമയം, ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പും സീറ്റ് തര്‍ക്കങ്ങളുമാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ പത്തു സീറ്റാണ് ജോസഫ് വിഭാഗത്തിനു യുഡിഎഫില്‍ നല്‍കിയത്. രണ്ടു സീറ്റില്‍ മാത്രമായിരുന്നു ജയം. കേരളാ കോണ്‍ഗ്രസ് (എം) തിരിച്ചെത്തിയാല്‍ തങ്ങളുടെ സീറ്റ് കുറയുമെന്ന ആശങ്കയാണ് ജോസഫ് വിഭാഗത്തിനുള്ളത്. വരും ദിവസങ്ങളില്‍ എല്‍ഡിഎഫില്‍ സീറ്റു ചര്‍ച്ചകള്‍ സജീവമാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

---------------

Hindusthan Samachar / Sreejith S


Latest News