Enter your Email Address to subscribe to our newsletters

Pathanamthitta, 12 ജനുവരി (H.S.)
മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് രാഹുല്‍ ഉള്ളത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും തിരുവല്ലയിലെ ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്.
യുവതി വിവാഹിതയാണെന്ന വിവരം അറിയാതെയാണ് സൗഹൃദത്തിലായതെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. സമാനമായ മറ്റൊരു കേസില്‍ അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവ് നിലനില്‍ക്കെ, വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്നും രാഹുലിന്റെ അഭിഭാഷകര്‍ ആരോപിക്കുന്നു.
രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. രാഹുലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫെനിക്ക് അറിയാമെന്നാണ് പൊലീസിന്റെ നിഗമനം. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. അതിനിടെ, രാഹുലിനെ മാവേലിക്കര ജയിലില്‍ നിന്ന് സുരക്ഷാ കാരണങ്ങളാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം നിയമസഭാ സ്പീക്കറെ രേഖാമൂലം അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായേക്കുമെന്നാണ് സൂചന.
അയോഗ്യതാ നടപടികള്‍ ഇങ്ങനെ
എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടും. ഒരു ജനപ്രതിനിധി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ, എംഎല്‍എമാര്‍ പാലിക്കേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിക്കുകയോ ചെയ്താല്‍ അയോഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം സ്വയം രാജിവെക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍, നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സഭയ്ക്ക് അദ്ദേഹത്തെ പുറത്താക്കാം. എത്തിക്‌സ് കമ്മിറ്റിക്ക് ഏതെങ്കിലും അംഗം പരാതി നല്‍കിയാല്‍ മാത്രമേ ഈ നടപടികളിലേക്ക് കടക്കാനാകൂ. ബലാത്സംഗക്കേസ് പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടത് ജനപ്രതിനിധി എന്ന നിലയിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഭരണപക്ഷം.
---------------
Hindusthan Samachar / Sreejith S