Enter your Email Address to subscribe to our newsletters

Kannur, 12 ജനുവരി (H.S.)
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുവദിക്കുന്ന പ്രതികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് തുടരുന്നു. കേസിലെ പ്രതികള്‍ക്ക് വാരിക്കോരിയാണ് പരോള്‍ അനുവദിക്കുന്നത്. ഇത്തവണം കേസിലെ ഒന്നാം പ്രതി എംസി അനൂപിന് പരോള്‍ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്. സ്വാഭാവിക പരോള്‍ എന്നാല്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇതേ കേസിലെ നാലാംപ്രതി ടി.കെ.രജീഷ്, അഞ്ചാം പ്രതി എംകെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവര്‍ക്ക് കഴിഞ്ഞ മാസം പരോള്‍ അനുവദിച്ചിരുന്നു. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. ഈ പരോളുകളെല്ലാം സ്വാഭാവിക നടപടിയാണ് എന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. ജയില്‍വാസത്തിന്റെ കൃത്യമായ ഇടവേളകളില്‍ പരോള്‍ അനുവദിക്കാം. ഇതുപ്രകാരം ലഭിച്ച അപേക്ഷയിലാണ് നടപടി സ്വീകരിച്ചതെന്നും ജയില്‍ വകുപ്പ് പറയുന്നു. എന്നാല്‍ ഈ കരുതല്‍ ടിപി കേസിലെ പ്രതികള്‍ക്ക് മാത്രമാണ് എന്നാണ് വിമര്‍ശനം ഉയരുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ടിപി കേസിലെ മൂന്ന് പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസവും ആറു പ്രതികള്‍ക്ക് 500 ദിവസത്തില്‍ അധികവുമാണ് പരോള്‍ ലഭിച്ചത്. ഫലത്തില്‍ പ്രതികള്‍ക്ക് ജയിലില്‍ കിടക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി തന്നെ ഇതില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ടിപി കേസിലെ പ്രതികള്‍ക്ക് ലഭിച്ച എല്ലാ പരോളിനെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ചോദിച്ചിരുന്നു. ഭര്‍ത്താവിന് 10 ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 12ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്മിത നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.
ജ്യോതിബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കര്‍മങ്ങള്‍ക്കായി അടിയന്തര പരോള്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ടി.പി. വധക്കേസിലെ പ്രതിയാണെന്ന് പ്രത്യേകം പരാമര്‍ശിക്കാത്തതിനെ വിമര്‍ശിച്ച കോടതി, മരിച്ചയാള്‍ അടുത്ത ബന്ധുവെന്ന ഗണത്തില്‍ വരാത്തതിനാല്‍ പരോള്‍ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. നിവേദനം പരിഗണിക്കാന്‍ പോലും ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ല. അത്തരമൊരു നിര്‍ദേശം കൊടുത്താലുടന്‍ പരോള്‍ അനുവദിക്കാന്‍ മതിയായ സ്വാധീനം നിങ്ങള്‍ക്കുണ്ടെന്നും ഹര്‍ജിക്കാരിയോട് കോടതി പറഞ്ഞു.
അതേ സമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ വിധിച്ചതിനെതിരെ പ്രതികളെല്ലാം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S