Enter your Email Address to subscribe to our newsletters

Chennai, 12 ജനുവരി (H.S.)
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും. വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ പതിനൊന്നോടെ വിജയ് ഡല്‍ഹി സിബിഐ ആസ്ഥാനത്ത് ഹാജരാകുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.
നീലാങ്കരയിലെ വസതിയില്‍നിന്ന് വിജയ് ഡല്‍ഹിയിലേക്ക് തിരിച്ചു. കറുപ്പ് വെല്‍ഫയര്‍ കാറിലാണ് താരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ചോദ്യംചെയ്യല്‍ രണ്ടുദിവസം നീണ്ടുനില്‍ക്കും. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെ താരം ചെന്നൈയില്‍ തിരിച്ചെത്തും.
പാര്‍ട്ടിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഡല്‍ഹി പോലീസ് വിജയ്ക്ക് കനത്തസുരക്ഷ ഒരുക്കും. ദുരന്തത്തിനുപിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ അന്വേഷിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരുമായും പാര്‍ട്ടിപ്രവര്‍ത്തകരുമായും കൂടിയാലോചിച്ചശേഷമാണ് തെളിവെടുപ്പിന് ഹാജരാകാന്‍ വിജയ് തീരുമാനിച്ചത്. കഴിഞ്ഞദിവസം ചെന്നൈയ്ക്കടുത്തുള്ള പണയൂരിലെ ടിവികെ ആസ്ഥാനത്തുനിന്ന് വിജയ്യുടെ പ്രചാരണവാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്ന് വാഹനത്തിലെ സിസിടിവി സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളുമൊക്കെ പരിശോധിച്ചു. കരൂര്‍ ദുരന്തത്തില്‍ അന്വേഷണം സംസ്ഥാന പോലീസില്‍നിന്ന് കേന്ദ്ര ഏജന്‍സിക്കു കൈമാറണമെന്ന് ടിവികെ തുടക്കംമുതല്‍ ഉന്നയിച്ച ആവശ്യമായിരുന്നു. ടിവികെ നേതാക്കളായ ബുസ്സി ആനന്ദ്, ആദവ് അര്‍ജുന, സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ടിവികെ ഭാരവാഹികളെയും കരൂര്‍ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരെയും ഡിസംബര്‍ അവസാനവാരം സിബിഐ ചോദ്യംചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 27-ന് കരൂരില്‍ വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തില്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / Sreejith S