Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ജനുവരി (H.S.)
വര്‍ഗ വഞ്ചകയെന്നും ആനുകൂല്യങ്ങളെല്ലാം നേടി പാര്‍ട്ടിയെ വഞ്ചിച്ചയാളെന്നും തുടങ്ങി സാമൂഹിക മാധ്യമങ്ങളിലുയരുന്ന വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്ന് സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാ പോറ്റി. വിമര്‍ശനങ്ങള്‍ ഏതൊരാളെയും പോലെ തന്നെയും കരുത്തയാക്കുകയേ ഉള്ളൂവെന്ന് ലോക് ഭവനു മുന്നില്‍ കോണ്‍ഗ്രസിൻ്റെ രാപ്പകല്‍ സത്യാഗ്രഹ വേദിയില്‍ അവര്‍ പറഞ്ഞു.
പത്തിരുപത്തഞ്ച് വര്‍ഷം ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിന്ന ശേഷം അയിഷാ പോറ്റി ഒരു വര്‍ഗ വഞ്ചകയായിപ്പോയോ എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഇത്തരം പരമാര്‍ശങ്ങള്‍ വരും ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ വരുമെന്ന് അറിയാം. പക്ഷേ അതിനെ താന്‍ ഒട്ടും ഭയക്കുന്നില്ല. താനൊരു വലിയ രാഷ്ട്രീയക്കാരിയൊന്നും ആയിരുന്നില്ല. 2000 മുതലാണ് സജീവ രാഷ്ട്രീയത്തിലേക്കു വരുന്നത്. അതുവരെ മുഴുവന്‍ സമയം വക്കീലായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
തൻ്റെ അച്ഛനൊക്കെ പാര്‍ട്ടിക്കാരനായിരുന്നു. അക്കാലമല്ല, പാര്‍ട്ടിയില്‍ ഇന്ന്. താന്‍ ആ പ്രസ്ഥാനത്തിൻ്റെ ഭാഗമായ കാലമല്ല, വഴികളൊക്കെ മാറിയിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കള്‍ക്കൊക്കെ വലിയ ദേഷ്യം വരും. എനിക്ക് അവരെ ഇപ്പോഴും വലിയ ഇഷ്ടമാണ്. പക്ഷേ കുറച്ച് തീരുമാനമെടുക്കുന്ന ഉന്നത നേതൃത്വമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നും അയിഷ പറഞ്ഞു.
വിമര്‍ശനങ്ങളെ സന്തോഷത്തോടെ കേള്‍ക്കുന്നു. വിമര്‍ശനങ്ങളാണ് മനുഷ്യരെ കരുത്തരാക്കുന്നത്. ഒരു വക്കീലായിരുന്നപ്പോഴൊന്നും ഇങ്ങനെ പ്രസംഗിക്കാനറിയുമായിരുന്നില്ല. എൻ്റെ പഴയ പ്രസ്ഥാനം തന്നെയാണ് എന്നെ ഇത്രയും കരുത്തനാക്കിയത്. അതു പോലെ നല്ല വിഷമവും അവര്‍ തന്നു. അതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. എനിക്ക് ആരെയും കുറ്റം പറയുന്നത് ഇഷ്ടമല്ല. എല്ലാം നാട് കാണുന്നുണ്ട്. നാട്ടുകാര്‍ എല്ലാം കണ്ടോട്ടെ. ഈ നാടും നാട്ടില്‍ ഇത്രയുംകാലം നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് അയിഷാ പോറ്റിയെ അയിഷാ പോറ്റിയാക്കിയത്. ഇനി മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളുമായി എൻ്റെ അടുത്തേക്ക് വരരുത്.
കഴിഞ്ഞ ജൂലൈയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാഗമായി മാധ്യമങ്ങള്‍ എൻ്റെ വീട്ടിലേക്ക് വന്നിരുന്നു. ഉമ്മന്‍ചാണ്ടി ജനങ്ങളുടെ മനസില്‍ നിറഞ്ഞു നിന്നിരുന്ന ഒരാളല്ലേ. നായനാരുടെ അനുസ്മരണത്തിനു വിളിച്ചാലും പോകില്ലേ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിലെ വികസന കാര്യങ്ങളുമായി അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ നില്‍ക്കുമ്പോഴും ഞാന്‍ വന്നു എന്നറിഞ്ഞാല്‍ പോറ്റി വാ എന്നു പറഞ്ഞ് എന്നെ സ്വീകരിക്കുകമായിരുന്നു. എത്ര വലിയ മന്ത്രിയായാലും അതിലും മുകളിലുള്ള ആളായാലും ജനങ്ങളോടു നന്നായി പെരുമാറാനറിയണം. സത്യ സന്ധമായി ഇടപെടുന്നതിനു നഷ്ടമുണ്ടോ എന്നും അയിഷ പോറ്റി ചോദിച്ചു.
എൻ്റെ ഈ തീരുമാനത്തില്‍ സഖാക്കള്‍ക്ക് വിഷമം വരുമെന്നറിയാം. എങ്കിലും അയിഷാ പോറ്റി എന്നും അയിഷാപോറ്റി തന്നെയായിരിക്കും. ഒരു രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ താനുണ്ടാകും. ഒരു എളിയ പ്രവര്‍ത്തകയായി ജീവനുള്ള കാലത്തോളം മനുഷ്യരോടൊപ്പം അയിഷാപോറ്റി കാണും. കുറെ കാലം എംഎല്‍എ ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്കൊന്നും ഒരു പി ആര്‍ വര്‍ക്കും ഉണ്ടായിരുന്നില്ല. എല്ലാ ആനുകൂല്യങ്ങളും പറ്റി അയിഷാ പോറ്റി പോയെന്നു പറയുന്നവര്‍ കാണും. പക്ഷേ ഒരു പാടാളുകള്‍ അയിഷാ പോറ്റി ഇങ്ങനെ വക്കീലാഫീസിലേക്ക് ഒതുങ്ങിയിരിക്കരുത്, നമുക്ക് ധാരളം കാര്യങ്ങള്‍ നാട്ടുകാര്‍ക്കു വേണ്ടി ചെയ്യാനുണ്ടെന്ന് പറഞ്ഞ് വന്നിട്ടുണ്ട്. ധാരാളം ആളുകള്‍ ഇപ്പോള്‍ ജനപ്രതിനിധികളായി പഴയ പ്രസ്ഥാനത്തില്‍ ഇരിപ്പുണ്ടല്ലോ. അവരോട് പറാനുള്ളത് പോയവരോട് ഇങ്ങനെ ഒരു സമീപനം സ്വീകരിക്കരുതെന്നാണ്. ജീവിതാവസാനം വരെ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരുമെന്ന് എല്ലവര്‍ക്കും വാക്കു നല്‍കുകയാണെന്നു പറഞ്ഞാണ് പോറ്റി പ്രസംഗം അവസാനിപ്പിച്ചത്. സിപിഎം ബന്ധമവസാനിപ്പിച്ച് കോണ്‍ഗ്രസിലെത്തിയ അയിഷാ പോറ്റി നടത്തിയ വിമര്‍ശനങ്ങളില്‍ പലപ്പോഴും സിപിഎമ്മിനെ പേരെടുത്തു പറയാതെയായിരുന്നു എന്നതാണ് ശ്രദ്ധേയം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR