ബിഹാറിലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍ഡിഎയിലേക്ക് മാറാനൊരുങ്ങുതായി റിപ്പോര്‍ട്ട്.
Patna, 13 ജനുവരി (H.S.) ബിഹാറിലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍ഡിഎയിലേക്ക് മാറാനൊരുങ്ങുതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പട്നയിലെ സദാഖത്ത് ആശ്രമത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരമ്പരാഗത ''ദഹി-ചുര'' വിരുന്നില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും പങ്ക
Bihar


Patna, 13 ജനുവരി (H.S.)

ബിഹാറിലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍ഡിഎയിലേക്ക് മാറാനൊരുങ്ങുതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പട്നയിലെ സദാഖത്ത് ആശ്രമത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരമ്പരാഗത 'ദഹി-ചുര' വിരുന്നില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും പങ്കെടുത്തില്ല.

ഇതോടെയാണ് ഇവര്‍ എന്‍ഡിഎ ക്യാംപിലേക്ക് കൂറുമാറുന്നു എന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇന്നലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ഷിക 'ദഹി-ചുര' പരിപാടി സംഘടിപ്പിച്ചത്. അതില്‍ നിരവധി മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

എന്നിരുന്നാലും, ആറ് സിറ്റിംഗ് എംഎല്‍എമാരില്‍ ആരും പങ്കെടുത്തില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരു ഔദ്യോഗിക പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇത് രണ്ടാമത്തെ സംഭവമായിരുന്നു.

കഴിഞ്ഞയാഴ്ച തൊഴിലുറപ്പ് പദ്ധതി പുനര്‍നാമകരണം ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആറ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ പങ്കെടുത്തിരുന്നില്ല.

നേരത്തെ, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) മന്ത്രി സഞ്ജയ് സിംഗ് മകരസംക്രാന്തിക്ക് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ പാളയത്തില്‍ എത്തും എന്ന് അവകാശപ്പെട്ടിരുന്നു.സംസ്ഥാനത്ത് കോണ്‍ഗ്രസ് പിളരാന്‍ സാധ്യതയുണ്ടെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.

മണിഹരിയില്‍ നിന്നുള്ള മനോഹര്‍ പ്രസാദ് സിംഗ്, വാല്‍മീകി നഗറില്‍ നിന്നുള്ള സുരേന്ദ്ര പ്രസാദ്, ചന്‍പതിയയില്‍ നിന്നുള്ള അഭിഷേക് രഞ്ജന്‍, അരാരിയയില്‍ നിന്നുള്ള അബിദുര്‍ റഹ്‌മാന്‍, കിഷന്‍ഗഞ്ചില്‍ നിന്നുള്ള എംഡി കമ്രുള്‍ ഹോഡ, ഫോര്‍ബ്‌സ്ഗഞ്ചില്‍ നിന്നുള്ള മനോജ് ബിസ്വാന്‍ എന്നിവരാണ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍.ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 61 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ആറ് സീറ്റുകള്‍ മാത്രമാണ് നേടിയത്.

സമീപകാല ചരിത്രത്തിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്. അതേസമയം, നിരവധി ആര്‍ജെഡി എംഎല്‍എമാരും എന്‍ഡിഎ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി മന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാം കൃപാല്‍ യാദവ് അവകാശപ്പെട്ടു

മറ്റൊരു മന്ത്രിയായ ലഖേന്ദ്ര പാസ്വാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്രയും വേഗം എന്‍ഡിഎയില്‍ ചേരുമെന്ന് അവകാശപ്പെട്ടു. പ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഈ കാലയളവ് ശുഭകരമായി കണക്കാക്കാത്തതിനാല്‍, ഖര്‍മകള്‍ അവസാനിക്കുന്നതുവരെ അവര്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

''അവര്‍ക്ക് ചില ആവശ്യങ്ങളുണ്ട്. നിറവേറ്റിയാല്‍, ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍ഡിഎയിലേക്ക് വരും,' അദ്ദേഹം വ്യക്തമാക്കി.പക്ഷേ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഏത് പാര്‍ട്ടിയിലേക്കാണ് എത്തുന്നത് എന്നതിനെ കുറിച്ച്‌ വ്യക്തതയില്ല. എന്‍ഡിഎയില്‍ ബിജെപിയെ കൂടാതെ, ജെഡിയു, എല്‍ജെപി എന്നീ കക്ഷികളും ഉണ്ട്.

10 മന്ത്രി സ്ഥാനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നതിനാല്‍, സാധ്യമായ കൂറുമാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി.89 എംഎല്‍എമാരുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. തൊട്ടുപിന്നാലെ 85 എംഎല്‍എമാരുള്ള ജെഡിയുവും. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നാല്‍ ബീഹാര്‍ നിയമസഭയില്‍ ബിജെപിക്കൊപ്പമായിരിക്കും ജെഡിയുവിന്റെ സീറ്റ് നില.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News