തിരുനാവായയിൽ നടക്കുന്ന കുംഭ മേളയുടെ ഒരുക്കങ്ങൾ തടഞ്ഞ് സർക്കാർ.
Malappuram, 13 ജനുവരി (H.S.) തിരുനാവായയിൽ നടക്കുന്ന കുംഭ മേളയുടെ ഒരുക്കങ്ങൾ തടഞ്ഞ് സർക്കാർ. ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നിശ്ചയിച്ചിരുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിൻ്റെ ഒരുക്കങ്ങളാണ് തടഞ്ഞത്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് കാരണം
GOVT DENIES PERMISSION KUMBH MELA


Malappuram, 13 ജനുവരി (H.S.)

തിരുനാവായയിൽ നടക്കുന്ന കുംഭ മേളയുടെ ഒരുക്കങ്ങൾ തടഞ്ഞ് സർക്കാർ. ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നിശ്ചയിച്ചിരുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിൻ്റെ ഒരുക്കങ്ങളാണ് തടഞ്ഞത്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് കാരണം വിശദമാക്കാതെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉത്സവ നടപടികൾ തടഞ്ഞതെന്ന് സംഘാടകര്‍ പറയുന്നു.

കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ഉത്സവത്തിൻ്റെ ഭാഗമായുള്ള പരിപാടികൾക്ക് നേരത്തെ തന്നെ അപേക്ഷ നൽകി അനുമതി ചോദിച്ചിരുന്നു എന്നാണ് സംഘാടകർ പറയുന്നത്. ശേഷമാണ് ഒരുക്കങ്ങൾ ആരംഭിച്ചത്. കലക്‌ടർ, ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ എന്നിവർ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെ ആണ് ഒരുക്കങ്ങൾ തടഞ്ഞതെന്നും സംഘാടകര്‍ വ്യക്തമാക്കി.

അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തോട് ചേർന്നുള്ള നിളയുടെ തീരത്താണ് കുംഭമേളയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ഉത്സവ ക്രമീകരണങ്ങളുമെല്ലാം നടന്നിരുന്നത്. ഇതോടനുബന്ധിച്ച് നിലം ഒരുക്കുകയും യാത്ര സുഖമമാക്കാൻ താത്‌ക്കാലിക പാല നിർമാണം പുരോഗമിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ പുഴയിലെ താത്‌ക്കാലിക പാലം നിർമിക്കുന്നതോ മറ്റ് നിർമാണ പ്രവർത്തനങ്ങളോ നടത്തിയത് അനുവാദം കൂടാതെയാണെന്ന് കാണിച്ചുകൊണ്ടാണ് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമോ. നിര്‍മാണ പ്രവർത്തനങ്ങൾ അറിയിക്കാതെയും അനുവാദം കൂടാതെയുമാണ് ചെയ്യുന്നതെന്ന് പ്രസ്‌താവനയിൽ പറയുന്നു.

തിരൂർ താലൂക്കിൽ തിരുനാവായ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. ഹൈന്ദവ, വൈഷ്‌ണവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്‌ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ലോകമെമ്പാടുമുള്ള ഹിന്ദുസമാജത്തിൻ്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏക നദിയുത്സവമാണ് മഹാമാഘ മഹോത്സവം.

ചരിത്രം: പണ്ട് തിരുനാവായ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ മഹാമാഘം എന്ന പേരിൽ ഒരു വലിയ ഉത്സവം നടന്നിരുന്നു. ഇത് ദക്ഷിണേന്ത്യയിലെ കുംഭമേളയ്ക്ക് സമാനമായ ഒരു ആത്മീയ സംഗമമായിരുന്നു. ചേരമാൻ പെരുമാളിന്റെ കാലത്താണ് ഇത് ആരംഭിച്ചത്, പിന്നീട് വള്ളുവക്കോനാതിരിയുടെ നേതൃത്വത്തിലായി. ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് ഈ ഉത്സവം നിർത്തലാക്കപ്പെട്ടത്.

കൃത്യമായ കാരണങ്ങൾ ചരിത്രരേഖകളിൽ വ്യക്തമല്ലെങ്കിലും, മാമാങ്കം പോലുള്ള വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടുന്ന പരിപാടികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ബ്രിട്ടീഷ് വിലയിരുത്തലായിരിക്കാം പ്രധാന കാരണം. 2016-ൽ തിരുനാവായ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ നദീപൂജ ചടങ്ങുകൾ പുനരാരംഭിക്കുകയും, 2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്നോടിയായാണ് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ കേരള കുംഭമേള നടത്താൻ നിശ്ചയിച്ചത്.

ആസൂത്രണം ചെയ്‌തത് ഇങ്ങനെ..

മാമാങ്കത്തില്‍ പടവെട്ടി മരിച്ച ലക്ഷക്കണക്കിനാള്‍ക്കാരുടെ ആത്മാക്കള്‍ക്കു വന്നുചേര്‍ന്ന ദുരിതം തീര്‍ത്ത് അവര്‍ക്ക് മോക്ഷം കൊടുക്കുന്നതിനായുള്ള പൂജകളിലൂടെയാണ് ഇത്തവണത്തെ മാഘമഹോത്സവം ആരംഭിക്കുന്നത്. കേരളദേശത്തിൻ്റെ രക്ഷയ്ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാക്ഷേത്രങ്ങളില്‍നിന്നും ദീപശിഖകള്‍ മാഘമഹോത്സവവേദിയിലെത്തിയ്ക്കും. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴ ആരംഭിയ്ക്കുന്നത് തമിഴ്‌നാട്ടിലെ ഉഡുമല്‍പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍നിന്നാണ്.

അത്രിമഹര്‍ഷിയും അനസൂയാദേവിയും തപസ്സു ചെയ്‌ത മലയാണ് ആനമലനിരകളിലെ തിരുമൂര്‍ത്തിമല. ഇവരെ പരീക്ഷിയ്ക്കാനായി ത്രിമൂര്‍ത്തികള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടതിനാലാണ് ഇതിന് തിരുമൂര്‍ത്തിമല എന്നു പേരുവന്നത്. പരീക്ഷണത്തില്‍ അനസൂയാദേവി വിജയിച്ചതിനെത്തുടര്‍ന്ന് സംപ്രീതരായ ത്രിമൂര്‍ത്തികള്‍ അത്രി-അനസൂയാ ദമ്പതിമാരുടെ മക്കളായി പിറക്കാന്‍ തീരുമാനിച്ചു.

ത്രിമൂര്‍ത്തികളുടെ ഏകരൂപമായ ദത്താത്രേയൻ്റെ ജന്മദേശമായി തിരുമൂര്‍ത്തിമല മാറുന്നത് ഇങ്ങനെയാണ്. ദത്താത്രേയന്‍ ജൂനാ അഖാഡയുടെ ദേവതയാണ്. ഈ തിരുമൂര്‍ത്തിമലയില്‍നിന്നും ജനുവരി 19 ന് രാവിലെ ആരംഭിയ്ക്കുന്ന രഥയാത്ര ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശ്ശൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി തിരുനാവായയില്‍ എത്തുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്.

ഭാരതപ്പുഴയിലെ ത്രിമൂര്‍ത്തീഘട്ടമാണ് തിരുനാവായ. രഥയാത്ര നടക്കുന്നതിനിടയില്‍ത്തന്നെ ജനുവരി 19 നാണ് മഹാമാഘമഹോത്സവത്തിൻ്റെ ധര്‍മ്മധ്വജാരോഹണം തിരുനാവായയില്‍ വച്ചു നടത്താൻ തീരുമാനിച്ചിരുന്നത്. തിരുമൂര്‍ത്തിമലയില്‍നിന്ന് ആരംഭിയ്ക്കുന്ന രഥയാത്ര ജനുവരി 22 ന് തിരുനാവായയില്‍ എത്തുമെന്നും സംഘാടകര്‍ പറഞ്ഞിരുന്നു. മാഘമഹോത്സവം നടക്കുന്ന ഭാരതപ്പുഴയുടെ തീരത്ത്, തിരുനാവായയില്‍ എല്ലാ ദിവസവും നിളയെ പൂജിയ്ക്കുന്ന ചടങ്ങായ നിളാ ആരതി എന്ന അതിമനോഹരവും സംഗീതസാന്ദ്രവുമായ ചടങ്ങ് ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

രാജകുടുംബങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ എല്ലാ സന്ന്യാസിമഠങ്ങളും മാഘമഹോത്സവത്തില്‍ പങ്കാളികളാവുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ആശ്രമങ്ങളും മഹാമാഘമഹോത്സവത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചിരുന്നു.

കേരളത്തിലെ ഹിന്ദുക്കളിലെ എല്ലാ സമ്പ്രദായക്കാരും ഈ ദിവസങ്ങളില്‍ അവരുടേതായ ക്രമത്തില്‍, തിരുനാവായയില്‍ വിവിധ പൂജകള്‍ ചെയ്യുന്ന രീതിയിലാണ് ദേവതാവന്ദനങ്ങള്‍ ക്രമീകരിച്ചത്. സന്ന്യാസിവര്യന്മാര്‍ക്കൊപ്പമുള്ള വിശേഷസ്‌നാനങ്ങള്‍ കൂടാതെ, ദിവസവും ഭാരതപ്പുഴയില്‍ പുണ്യസ്‌നാനത്തിനായുള്ള ഒരുക്കങ്ങളും ഉണ്ടായിരിക്കുന്നതാണ്. മാഘമാസം വളരെ വിശേഷപ്പെട്ട മാസമാണ്. ഇതേസമയത്തുതന്നെയാണ് പ്രയാഗ്‌രാജില്‍ കല്പവാസം നടക്കുന്നത്.

തിരുനാവായ മഹാമാഘമഹോത്സവത്തിലെ മൗനി അമാവാസി, വസന്തപഞ്ചമി, രഥസപ്തമി, ഗണേശജയന്തി, ഷഷ്ഠി, ഭീഷ്മാഷ്ടമി, മാഘപൗര്‍ണ്ണമി എന്നിവ പ്രത്യേക നിളാസ്‌നാനദിനങ്ങളാണ്. സപ്തനദികളുടെ സാന്നിദ്ധ്യം ഭാരതപ്പുഴയില്‍ വരുന്ന മാഘമാസത്തില്‍ ഏത് ദിവസം നിളാസ്‌നാനം ചെയ്യുന്നതും പവിത്രമായ കാര്യമാണ്. കൂടാതെ, പുണ്യാത്മാക്കളായ സന്ന്യാസിവര്യന്മാരുടെകൂടെയുള്ള സ്‌നാനവും ശ്രേഷ്ഠം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News