Enter your Email Address to subscribe to our newsletters

Chennai, 13 ജനുവരി (H.S.)
തമിഴ്‌നാടിന്റെ ഹോസൂരിലെ ഗ്രീൻഫീല്‍ഡ് എയർപോർട്ട് പദ്ധതിക്ക് സാധ്യതയേറുന്നു. 2033 ല്‍ മാത്രമേ ബെംഗളൂരു എയർപോർട്ടിൻ്റെ 150 കിലോമീറ്റർ പുതിയൊരു വിമാനത്താവളത്തിന് അനുമതി നല്‍കൂവെന്നായിരുന്നു നേരത്തേ കേന്ദ്ര നയം.
എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നല്‍കിയ ഏറ്റവും പുതിയ വ്യക്തത ഹോസൂരിന് വലിയ സാധ്യതകളാണ് തുറന്നുനല്‍കുന്നത്. 150 കിലോമീറ്റർ വ്യോമദൂര നിയമം നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് സമീപം പുതിയ വികസനം സ്ഥിരമായി തടയാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി.
വിമാനത്താവളങ്ങളുടെ വളർച്ചാ ഘട്ടത്തില്‍ അവയുടെ പ്രവർത്തനപരമായ നിലനില്‍പ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാർഗ നിർദേശം മാത്രമാണ് ഇതെന്ന് മന്ത്രി പറഞ്ഞു.നിലവിലുള്ള വിമാനത്താവളങ്ങളുടെ ശേഷി പൂർണ്ണമാകുന്ന സാഹചര്യങ്ങളില്‍ പുതിയ എയർപോർട്ട് അനുവദിക്കില്ലെന്ന കടുംപിടുത്തം സർക്കാരില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വേഗത്തില്‍ വളരുന്ന നഗരപ്രദേശങ്ങളില്‍ രണ്ടാമത്തെ വിമാനത്താവളങ്ങള്‍ ആസൂത്രണം ചെയ്യാൻ മന്ത്രാലയം ഇപ്പോള്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും നായിഡു പറഞ്ഞു.'150 കിലോമീറ്റർ ചുറ്റളവിലുള്ള നയമെന്നത് വിമാനത്താവള വികസനം ആരംഭിക്കുന്നതിന് വഴികാട്ടിയാകുന്ന ഒരു നയം മാത്രമാണ്.
ശേഷി പൂർണ്ണമാകുമ്പോള്‍ ഈ വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാകില്ല. ഒരു രണ്ടാമത്തെ വിമാനത്താവളത്തിനായി സംസ്ഥാനത്തിന് അവസരങ്ങളുണ്ട്'. അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിശദീകരണം തമിഴ്‌നാട്ടിലെ ഹൊസൂർ വിമാനത്താവളത്തിന് അതീവ നിർണ്ണായകമാണ്.
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് വളരെ അടുത്താണ് തമിഴ്നാട് ആരംഭിക്കാനിരിക്കുന്ന ഹൊസൂർ വിമാനത്താവളം.ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിലൊന്നായി ബെംഗളൂരു ഇതിനോടകം മാറിക്കഴിഞ്ഞു.
2024-25 സാമ്പത്തിക വർഷത്തില്‍ മാത്രം ഏകദേശം 41 ദശലക്ഷം യാത്രക്കാരാണ് ബെംഗളൂരുടെ എയർപോർട്ടിനെ ആശ്രയിച്ചത്.ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളില്‍ ഇരട്ട അക്ക വളർച്ചയോടെ വിമാനത്താവളം നിലവിലെ പ്രതിവർഷം 55 ദശലക്ഷം യാത്രക്കാരുടെ ശേഷിയിലേക്ക് അതിവേഗം നീങ്ങുകയാണ്.
നിലവിലെ വളർച്ചാനിരക്കില്‍ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം മൂന്ന് വർഷത്തിനുള്ളില്‍ ഈ ശേഷിയിലെത്താനോ മറികടക്കാനോ സാധ്യതയുണ്ട്.പ്രതിവർഷം 100 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷി വർദ്ധിപ്പിക്കാൻ എയർപോർട്ട് ഓപ്പറേറ്റർ ബിയാല്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ അടിസ്ഥാന സൗകര്യ വികസനത്തിന് സമയവും, നിയന്ത്രണാനുമതികളും വലിയ സാമ്പത്തിക നിക്ഷേപങ്ങളും ആവശ്യമാണ്.
താല്‍ക്കാലികമായി തിരക്ക് കൂടാനുള്ള സാധ്യതകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരു-ഹൊസൂർ മേഖലയില്‍ ഒരു അനുബന്ധ വിമാനത്താവളം അഭികാമ്യം മാത്രമല്ല, തന്ത്രപരമായി പ്രാധാന്യമുള്ളതുമാണ്.ഹൊസൂരിന്റെ സ്ഥാനം ഒരു വെല്ലുവിളിയാകാതെ പ്രധാനപ്പെട്ട ഒരു നേട്ടമായി മാറുന്നത് ഇവിടെയാണ്.
തമിഴ്നാട്-കർണാടക അതിർത്തിയില്‍ സ്ഥിതിചെയ്യുന്നതും, ബെംഗളൂരുവുമായി ശക്തമായ റോഡ്, റെയില്‍ ബന്ധങ്ങളുള്ള ഒരു വളർന്നുവരുന്ന വ്യാവസായിക കേന്ദ്രവുമായതിനാല്‍ ഹൊസൂരിന് സ്വാഭാവികമായി ഒരു രണ്ടാമത്തെ വ്യോമയാന കവാടമായി പ്രവർത്തിക്കാൻ കഴിയും.
ഇത് വടക്കൻ തമിഴ്നാടിന് മാത്രമല്ല, ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന യാത്രക്കാരുടേയും ചരക്ക് നീക്കത്തിന്റെയും ഒരു ഭാഗം കൈകാര്യം ചെയ്തുകൊണ്ട് അവിടുത്തെ തിരക്ക് കുറയ്ക്കാനും സഹായിക്കും. ബെംഗളൂരു വിമാനത്താവളം പൂർണ്ണ ശേഷിയിലെത്തുമ്പോള്‍ 150 കിലോമീറ്റർ നിയമം തടസ്സമാകില്ലെന്ന് മന്ത്രി നായിഡുവിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
ആവശ്യകത ശേഷിയെ മറികടക്കുമ്പോള്‍ രണ്ടാമതൊരു വിമാനത്താവളം വികസിപ്പിക്കുന്നത് തടയുന്നതിന് പകരം, ആദ്യത്തെ വിമാനത്താവളത്തിന്റെ പ്രവർത്തനസ്ഥിരത ഉറപ്പാക്കുക എന്നതാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ വ്യാഖ്യാനം ഹൊസൂർ പദ്ധതിയുമായി മുന്നോട്ട് പോകാൻ തമിഴ്നാടിന് ശക്തമായ നയപരമായ പിന്തുണ നല്‍കുന്നുണ്ട്.
നിലവില്‍, വിമാനത്താവളത്തിനായുള്ള ഒരുക്കങ്ങള്‍ ഹൊസൂരില്‍ പുരോഗമിക്കുകയാണ്. 2021 ഡിസംബറില്‍ തന്നെ, പ്രതിവർഷം ഏകദേശം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു വിമാനത്താവളത്തിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ തമിഴ്നാട് ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (TIDCO) കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചിരുന്നു.
ബെലകൊണ്ടാപള്ളിയിലെ നിലവിലുള്ള എയർസ്ട്രിപ്പും അതിനുചുറ്റുമുള്ള പ്രദേശങ്ങളും, മുത്തലിയും ഹൊസൂർ, ശൂളഗിരി താലൂക്കുകളിലെ സമീപ ഗ്രാമങ്ങളും ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ ഇതിനായി തിരഞ്ഞെടുത്തിരുന്നു.
ഇതിനെത്തുടർന്ന് എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (AAI) വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുകയും ചെയ്തു. ആസൂത്രണം ചെയ്ത 2,980 ഏക്കറില്‍ ഏകദേശം 845 ഏക്കർ നിലവില്‍ ഏറ്റെടുത്തിട്ടുണ്ട്. 12 ഗ്രാമങ്ങളിലെ ചില കർഷകർ ആശങ്കകള്‍ ഉന്നയിക്കുകയും സംസ്ഥാന സർക്കാരില്‍ നിന്ന് വ്യക്തത തേടുകയും ചെയ്തിട്ടുണ്ടെങ്കിലും, ഹൊസൂരിന് അനുകൂലമായ പൊതുവായ ചിത്രം ശക്തമായി നിലനില്‍ക്കുന്നു. ഒരു ആധുനിക അന്താരാഷ്ട്ര വിമാനത്താവളം ഈ പ്രദേശത്തേക്ക് തൊഴിലവസരങ്ങളും, മികച്ച ഗതാഗത സൗകര്യങ്ങളും, വ്യവസായ നിക്ഷേപങ്ങളും, ആഗോള ശ്രദ്ധയും കൊണ്ടുവരും.വ്യാവസായികപരമായ പ്രാധാന്യം കാരണം തമിഴ്നാടിന്റെ ചെറിയ ഇംഗ്ലണ്ട് എന്ന് ഇതിനോടകം അറിയപ്പെടുന്ന ഹൊസൂരിന് ഈ വിമാനത്താവളം അടുത്ത വലിയ കുതിച്ചുചാട്ടമായിരിക്കും. ഇത് ഹൊസൂരിനെ ഒരു പ്രധാന ലോജിസ്റ്റിക്സ്, ഉല്‍പ്പാദന, വ്യോമയാന കേന്ദ്രമാക്കി മാറ്റും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR