വീണ്ടും ഭീഷണിയുമായി ഇറാൻ; അമേരിക്കയുമായി യുദ്ധത്തിന് തയ്യാര്‍
Iran, 13 ജനുവരി (H.S.) ഇറാനുമായി വ്യാപാരത്തില്‍ ഏർപ്പെടുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച്‌ ഇറാൻ. ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും രാജ്യം യു
Iran uprising


Iran, 13 ജനുവരി (H.S.)

ഇറാനുമായി വ്യാപാരത്തില്‍ ഏർപ്പെടുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച്‌ ഇറാൻ.

ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും രാജ്യം യുദ്ധത്തിന് സജ്ജമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് അശാന്തി വ്യാപിപ്പിച്ചതിന് പിന്നില്‍ യുഎസും ഇസ്രായേലുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇറാന് നേരെ ആക്രമണം ഉണ്ടായാല്‍ ഇസ്രായേലും അമേരിക്കൻ കപ്പലുകളും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായുള്ള തന്റെ ആശയവിനിമയം പ്രതിഷേധങ്ങള്‍ക്ക് മുമ്പും ശേഷവും തുടർന്നിരുന്നുവെന്നും ഇപ്പോഴും തുടരുകയാണെന്നും അരാഗ്ചി പറഞ്ഞു. അമേരിക്കയുമായി ചർച്ച ചെയ്ത വിഷയങ്ങള്‍ ഇറാൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഭീഷണികളോ ആജ്ഞകളോ ഇല്ലാതെ ആണവ ചർച്ച നടത്താൻ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇതിനിടെ, ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇറാനുമായി വ്യാപാരബന്ധത്തിലേർപ്പെടുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25 ശതമാനം ഇറക്കുമതി നികുതി പ്രഖ്യാപിച്ചത്. ഇത് ഇറാനുമായി മികച്ച വ്യാപാര ബന്ധമുള്ള ഇന്ത്യക്ക് തിരിച്ചടിയാണ്.

അതേസമയം, ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രക്ഷോഭകാരികള്‍ക്ക് നേരെയുള്ള കടുത്ത അടിച്ചമർത്തലില്‍ മനുഷ്യാവകാശ സംഘടനയായ എച്ച്‌.ആർ.എ.എൻ.എയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 700ലേറഎ പേർ കൊല്ലപ്പെട്ടു.

എന്നാല്‍ യഥാർഥ കണക്ക് ഇതിനു മുകളില്‍ ആണെന്നാണ് വിവരം .ഇറാൻ മര്യാദകള്‍ ലംഘിക്കുകയാണെന്നും സൈനിക നടപടി ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങള്‍ പരിഗണനയിലാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങള്‍ ഇപ്പോഴും ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.എന്നിരുന്നാലും, എലോണ്‍ മസ്‌കിന്റെ 'സ്റ്റാർലിങ്ക്' സാറ്റലൈറ്റ് ഇന്റർനെറ്റ് വഴി പ്രക്ഷോഭകർ വാർത്തകള്‍ പുറംലോകത്തെത്തിക്കുന്നുണ്ട്.അതേസമയം, ഇറാനിലേത് ഒരു വിപ്ലവമാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വിശേഷിപ്പിച്ചു.

പ്രക്ഷോഭകർക്ക് പിന്തുണയുമായി നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരും രംഗത്തെത്തി. എന്നാല്‍ അമേരിക്കയുടെ താരിഫ് പ്രഖ്യാപനത്തെ ചൈന ശക്തമായി അപലപിച്ചു. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലും വർദ്ധനവ് രേഖപ്പെടുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News