Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ജനുവരി (H.S.)
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നു. ഇന്നലെ എല്‍ഡിഎഫ് കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ സമരത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വിട്ടു നിന്നിരുന്നു.
ഇതിന് പിന്നാലെ എല്‍ ഡി എഫ് നടത്തുന്ന മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ജോസ് കെ മാണി മാറിയേക്കും എന്ന വാര്‍ത്തകളും പുറത്തുവന്നു.
ഇതോടെയാണ് കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ എല്‍ ഡി എഫ് വിടുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലും ആശയക്കുഴപ്പമുള്ളതായാണ് വിവരം. ജോസ് കെ മാണിയ്ക്ക് മുന്നണി മാറ്റത്തിനാണ് താല്‍പര്യം.
എന്നാല്‍ കേരള കോണ്‍ഗ്രസ് എം മന്ത്രിയായ റോഷി അഗസ്റ്റിന്‍ മുന്നണി മാറ്റ വാര്‍ത്തകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സോണിയ ഗാന്ധി, ജോസ് കെ മാണിയെ വിളിച്ച് സംസാരിച്ചു എന്നാണ് വിവരം.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട്. യുഡിഎഫിന് ഒപ്പം നില്‍ക്കുന്നതാകും നല്ലതെന്ന് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ജോസ് കെ മാണിയെ കൂടാതെ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവരും ഈ നിലപാടുള്ളവരാണ്.
എന്നാല്‍ മുന്നണി മാറ്റം വേണ്ട എന്നാണ് റോഷി അഗസ്റ്റിന്‍ പറയുന്നത്. ഇന്നലെത്തെ സമരത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്ക് വെച്ച റോഷി തുടരും എന്ന ക്യാപ്ഷന്‍ ആണ് കൊടുത്തത്. എല്‍ഡിഎഫ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് റോഷി പങ്ക് വെച്ചത്.
റാന്നി എംഎല്‍എ പ്രമോദ് നാരായണനും, കാഞ്ഞിരപ്പള്ളി എംഎല്‍എയും ചീഫ് വിപ്പുമായ എന്‍ ജയരാജും മുന്നണി മാറ്റത്തിന് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.പാര്‍ട്ടി മുന്നണി മാറ്റമെന്ന തീരുമാനം എടുക്കുകയും റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിനൊപ്പം തുടരുകയുമാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം വീണ്ടും പിളരുന്ന സാഹചര്യത്തിലേക്ക് എത്തും.
ജനുവരി 16 ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ഇതില്‍ നിര്‍ണായകമാകും. കഴിഞ്ഞ രണ്ടു ഇടതുമുന്നണി യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇന്നലെത്തെ എല്‍ഡിഎഫ് സമരത്തിലും പങ്കെടുത്തില്ല.
പിന്നാലെ എല്‍ഡിഎഫ് മേഖലാ ജാഥ നയിക്കാനുണ്ടാകില്ല എന്നും കൂടി അറിയിച്ചതോടെയാണ് മുന്നണി മാറ്റ വാര്‍ത്തകള്‍ ശക്തമായത്. സാധാരണ സിപിഎം, സിപിഐ നേതാക്കള്‍ നയിക്കുന്ന രണ്ടു ജാഥകളാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടത്താറുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR