Enter your Email Address to subscribe to our newsletters

Kochi, 13 ജനുവരി (H.S.)
കോര്‍പറേഷന്‍ ഭരണം തിരിച്ചു പിടിച്ച യുഡിഎഫ് ജനപ്രിയ പദ്ധതികളുമായി മുന്നോട്ട്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഇന്ദിര കാന്റീന്‍ നടപ്പാക്കാന്‍ തീരുമാനം.
കൊച്ചി മേയര്‍ ഇക്കാര്യം വിശദീകിച്ചു. വരുന്ന 50 ദിവസങ്ങള്‍ക്കകം നടപ്പാക്കേണ്ട 50 പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 50 ദിവസത്തിനകം ഇവ നടപ്പാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും.
ഇന്ദിര കാന്റീനുകള്‍ നടപ്പാക്കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു. ഇതാണ് കൊച്ചി കോര്‍പറേഷന്‍ നടപ്പാക്കുന്നത്. നിലവില്‍ കോര്‍പറേഷനില്‍ സമൃദ്ധി എന്ന പേരില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുണ്ട്. ഇതിനോട് ചേര്‍ന്നുതന്നെയാകും ഇന്ദിര കാന്റീനുകള്‍ പ്രവര്‍ത്തിക്കുക.
എന്താണ് പദ്ധതി എന്ന് വിശദീകരിക്കാം...10 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഇന്ദിര കാന്റീന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മിക്കവര്‍ക്കും ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കാന്‍ പല വഴികളുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെയും രാത്രിയും ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് കോര്‍പറേഷന്‍ പ്രഖ്യാപിച്ചത്.
ഇന്ദിര കാന്റീനില്‍ ഈ സമയങ്ങളില്‍ 10 രൂപയ്ക്ക് ലളിതമായ ഭക്ഷണം കിട്ടും. കോര്‍പറേഷനില്‍ എല്ലാ കവലകളിലും ഇന്ദിര കാന്റീന്‍ വരും. ആദ്യത്തേത് ഫോര്‍ട്ട് കൊച്ചിയില്‍ ആയിരിക്കും. പിന്നീട് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. 10 രൂപയ്ക്ക് ഭക്ഷണം നല്‍കാന്‍ സാധിച്ചാല്‍ നേട്ടമാകുമെന്ന് യുഡിഎഫ് കരുതുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി ജനശ്രദ്ധ നേടുകയാണ് യുഡിഎഫ്.കേരളത്തില്‍ ഉടനീളം ഇത്തരത്തില്‍ ഇന്ദിര കാന്റീന്‍ തുടങ്ങുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രഖ്യാപനമായിരുന്നു ഇത്. ബെംഗളൂരുവില്‍ സമാനമായ പദ്ധതിയുണ്ട്. അവിടെ ഉച്ചയ്ക്ക് 20 രൂപയും രാവിലെയും രാത്രിയും പത്ത് രൂപയുമാണ് ഭക്ഷണത്തിന് വാങ്ങുന്നത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കൊച്ചി കോര്‍പറേഷന്റെ കഴിഞ്ഞ ഭരണസമിതി സമൃദ്ധി ഭക്ഷണശാല തുടങ്ങിയിരുന്നു. എല്ലാ നഗരങ്ങളിലും ഇത്തരം പദ്ധതി തുടങ്ങുമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നത്. എല്ലാ വീടുകളിലേക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അടിസ്ഥാനമക്കി ചെലവ് കുറഞ്ഞ ഭക്ഷണം വിതരണം ചെയ്യുമെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കൊച്ചി കോര്‍പറേഷന്‍ മറ്റുചില സുപ്രധാന തീരുമാനങ്ങളും ഇന്ന് എടുത്തിട്ടുണ്ട്. തെരുവ് നായകളെ വന്ധ്യംകരിച്ച് പാര്‍പ്പിക്കാന്‍ ബ്രഹ്മപുരത്ത് കൂടുകള്‍ സ്ഥാപിക്കും. ഭക്ഷണം തെരുവില്‍ കൊടുക്കുന്നത് നിരോധിക്കും. പകരം കോര്‍പറേഷന്‍ തയ്യാറാക്കുന്ന വെബ് സൈറ്റ് വഴി അതിനുള്ള സൗകര്യം ഒരുക്കും.
ദത്തെടുക്കാനും സൗകര്യമൊരുക്കും. കൊതുക് നിവാരണത്തിനും പദ്ധതി ഒരുക്കിയിട്ടുണ്ട്. മാസത്തില്‍ ഒരിക്കല്‍ മേയറുമായും ഡെപ്യൂട്ടി മേയറുമായും നേരിട്ട് പരാതി അറിയിക്കാന്‍ ടോക്ക് വിത്ത് മേയര്‍ പരിപാടിയും പ്രഖ്യാപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR