Enter your Email Address to subscribe to our newsletters

Newdelhi, 13 ജനുവരി (H.S.)
വെള്ളം തിളയ്ക്കുന്ന സമയം കൊണ്ട് ചായപ്പൊടിയും പലഹാരങ്ങളും പലചരക്കു സാധാനങ്ങളും വീട്ടിലെത്തിക്കുന്ന ഡെലിവറി ഏജന്റ്.
നഗരത്തില്‍ താമസിക്കുന്നവരുടെ ഏറ്റവും വലിയ ആശ്രയമാണ് നിമിഷനേരം കൊണ്ട് പലചരക്ക് സാധനങ്ങളുമായി വരുന്ന ബ്ലിങ്കിറ്റ്, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍. എന്നാല്‍ വേഗത്തിലെത്തിക്കുന്ന ഈ മാന്ത്രികതയ്ക്കു പിന്നില്‍ ഡെലിവറി ഏജന്റുമാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഉപയോക്താക്കള്‍ ചിന്തിച്ചിട്ടില്ല.
ജീവനു പോലും ഭീഷണിയായി മാറിയ '10 മിനിറ്റ് ഡെലിവറി' വാഗ്ദാനത്തിനെതിരേ കര്‍ശന നടപടി എടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഡെലിവറി ഏജന്റുമാരുടെ സുരക്ഷ മുന്‍നിര്‍ത്തി 10 മിനിറ്റ് ഡെലിവറി എന്ന സമയപരിധി നീക്കം ചെയ്യണമെന്ന് ബ്ലിങ്കിറ്റ്, സെപ്റ്റോ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് കമ്പനികള്‍ തങ്ങളുടെ '10 മിനിറ്റ് ഡെലിവറി' വാഗ്ദാനം പിന്‍വലിച്ചു. ബ്രാന്‍ഡിംഗില്‍ നിന്നും പരസ്യങ്ങളില്‍ 10 മിനിറ്റ് ഡെലിവറി എന്ന വാചകം ഒഴിവാക്കാനും തീരുമാനിച്ചു.സാധനങ്ങള്‍ ഡെലിവറി നടത്തുന്ന തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ സുപ്രധാനമായ ഇടപെടല്‍.
ഈ കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഡെലിവറി പൂര്‍ത്തിയാക്കണമെന്ന കര്‍ശനമായ സമ്മര്‍ദ്ദം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റിങ് സമയപരിധികളേക്കാള്‍ തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
10 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിനിടയില്‍ ഡെലിവറി പങ്കാളികള്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിഷയം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് '10 മിനിറ്റ് ഡെലിവറി' എന്ന ടാഗ്ലൈന്‍ തങ്ങളുടെ ബ്രാന്‍ഡിംഗില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒഴിവാക്കുമെന്ന് കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പുനല്‍കി. ബ്ലിങ്കിറ്റ് ഇതിനകം തന്നെ തങ്ങളുടെ പരസ്യത്തില്‍ നിന്ന് ഈ വാഗ്ദാനം നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആപ്പുകളില്‍ ഡെലിവറിക്കുള്ള സമയം വര്‍ധിപ്പിച്ചതായി കാണാം.
ഡെലിവറി ഏജന്റുമാരുടെ സുരക്ഷയും മെച്ചപ്പെട്ട വേതനവും ആവശ്യപ്പെട്ട് ഐഎഫ്‌എടി (ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ്) എന്ന സംഘടനയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 10 മിനിറ്റ് ഡെലിവറി അവസാനിപ്പിക്കുക എന്നത് അവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു.
അതേസമയം, ബ്രാന്‍ഡിംഗില്‍ നിന്ന് മാറ്റിയെങ്കിലും, തങ്ങളുടെ ലോജിസ്റ്റിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധ്യമായ വേഗത്തില്‍ തന്നെ ഡെലിവറി തുടരാനാണ് കമ്പനികളുടെ തീരുമാനം. എന്നാല്‍ '10 മിനിറ്റ്' എന്ന സമയപരിധി പരസ്യമായി വാഗ്ദാനം ചെയ്ത് തൊഴിലാളികളെ സമ്മര്‍ദത്തിലാക്കില്ല.
സര്‍ക്കാരിന്റെ ഇടപെടലിന് തൊട്ടുപിന്നാലെ ബ്ലിങ്കിറ്റ് '10 മിനിറ്റ് ഡെലിവറി' എന്ന മുദ്രാവാക്യം പിന്‍വലിച്ചു. '10 മിനിറ്റിനുള്ളില്‍ 10,000+ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നു' എന്ന പരസ്യ വാചകത്തിനു പകരം 'നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നു' എന്നതിലേക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അപ്ഡേറ്റ് ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR