Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ജനുവരി (H.S.)
സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചില നടപടികള്‍ ലഘൂകരിച്ചെങ്കിലും ആശങ്ക മാറാതെ പ്രവാസികള്‍. പുതുതായി വോട്ടർപട്ടികയില്‍ പേരു ചേർക്കുന്നതിനു പൂരിപ്പിച്ചു നല്‍കേണ്ട ഫോം 6 എയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് പലരെയും ആശങ്കയിലാക്കുന്നത്.
ഇതില്‍ ജന്മസ്ഥലം പൂരിപ്പിച്ചു നല്‍കണം. നിലവില്‍ ഇതില്‍ ഇന്ത്യയിലെ സ്ഥലങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താനാകുന്നത്.വിദേശത്തു ജനിച്ച ലക്ഷക്കണക്കിനു പ്രവാസികള്‍ വോട്ടർ പട്ടികയില്‍നിന്നു പുറത്താകാൻ ഇതു കാരണമാകുമോ എന്നതാണ് ആശങ്ക.
കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രവാസി സംഘടനകള്‍ വിഷയം ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും അതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ വേണ്ടിവരും. എസ്‌ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിനു പ്രവാസികള്‍ നേരിട്ടു ഹാജരാകണമെന്നായിരുന്നു നേരത്തേയുള്ള നിബന്ധന.
എന്നാല്‍, നേരിട്ട് ഹാജരാകാതെ രേഖകള്‍ നല്‍കി പരിശോധന പൂർത്തിയാക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചിരുന്നു. രേഖകള്‍ തൃപ്തികരമെങ്കില്‍ ഇലക്ടറല്‍ റജിസ്ട്രേഷൻ ഓഫിസർക്കും അസി.ഇലക്ടറല്‍ റജിസ്ട്രേഷൻ ഓഫിസർമാർക്കും ഉടൻ നടപടി പൂർത്തിയാക്കാനുള്ള സംവിധാനം നിലവില്‍ വരികയും ചെയ്തു.ഈ മാറ്റം പ്രാവർത്തികമായത് പ്രവാസികള്‍ക്കു വലിയ ആശ്വാസമാണ്.
അല്ലാത്തപക്ഷം, ഹിയറിങ്ങിനു മാത്രമായി പ്രവാസികള്‍ നാട്ടിലെത്തേണ്ട സ്ഥിതിയായിരുന്നു. അതിനു കഴിയാത്തവർ പുറത്താകുകയും ചെയ്യുമായിരുന്നു.വിദേശത്തു ജനിച്ചവർക്കു ജന്മസ്ഥലം രേഖപ്പെടുത്താനുള്ള സംവിധാനം ഫോം 6 എയില്‍ നല്‍കിയില്ലെങ്കില്‍ പുതുതലമുറ പ്രവാസികളില്‍ അഞ്ചു ലക്ഷം പേർക്കെങ്കിലും വോട്ടവകാശം ലഭിക്കാതെ വരുമെന്നാണ് സംഘടനകള്‍ പങ്കുവയ്ക്കുന്ന ആശങ്ക.
ഇക്കാര്യത്തില്‍ ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ. അടുത്ത മാസം 21ന് ആണ് എസ്‌ഐആർ നടപടികള്‍ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പുറത്തുവരുന്നത്.ലക്ഷക്കണക്കിനു പ്രവാസികളുള്ള മലപ്പുറം ജില്ലയില്‍ തദ്ദേശ വോട്ടർപട്ടികയിലെ പ്രവാസി വോട്ടർമാരുടെ എണ്ണം 602 ആയിരുന്നു.
ഫോം 6 എ ഉപയോഗിച്ച് വോട്ടർപട്ടികയില്‍ പേരു ചേർത്തവരെയാണ് പ്രവാസി വോട്ടർമാരായി പരിഗണിക്കുന്നത്. സംസ്ഥാനത്തു കൂടുതല്‍ പ്രവാസികളും സാധാരണ വോട്ടർമാരായി തന്നെയാണ് പട്ടികയില്‍ പേരു ചേർക്കുന്നത്.അതു കൊണ്ടാണ് പ്രവാസി വോട്ടർമാരുടെ എണ്ണം കുറയുന്നതെന്നു സംഘടനകള്‍ പറയുന്നു.
എന്നാല്‍, എസ്‌ഐആർ വന്നതോടെ വിദേശത്തു ജോലി ചെയ്യുന്ന, സാധാരണ വോട്ടർമാരായി പേരു ചേർത്ത ഒട്ടേറെപ്പേർ പ്രതിസന്ധിയിലായി. ഇവർക്കു നേരിട്ട് ഹാജരാകാതെ ഹിയറിങ്ങില്‍ ബന്ധുക്കള്‍ വഴി രേഖകള്‍ ഹാജരാക്കാമെങ്കിലും പലരും പുറത്താകാനുള്ള സാധ്യതയുണ്ട്.
ഇങ്ങനെ പുറത്തായവർക്കും ഇതുവരെ വോട്ടർപട്ടികയില്‍ പേരു ചേർക്കാത്ത പ്രവാസികള്‍ക്കും ഫോം 6എ ഉപയോഗിച്ച് ഇപ്പോള്‍ പേരു ചേർക്കാം. എസ്‌ഐആർ നടപടിക്രമം തുടങ്ങിയതിനുശേഷം ഒരു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ഫോം 6 എ പ്രകാരം പട്ടികയില്‍ പേരു ചേർക്കാൻ അപേക്ഷ നല്‍കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR