ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
Pathanamthitta, 13 ജനുവരി (H.S.) ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സ്പോൺസർമാരുടെ സാമ്പത്തിക ശേഷിയും ബാങ്ക് ബാലൻസും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിച്
Sabarimala sponsorship guideline


Pathanamthitta, 13 ജനുവരി (H.S.)

ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സ്പോൺസർമാരുടെ സാമ്പത്തിക ശേഷിയും ബാങ്ക് ബാലൻസും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമേ ഇനി അനുമതി നൽകൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചു. മകരവിളക്ക് ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുൻകാലങ്ങളിൽ സ്പോൺസർമാരുടെ പേരിൽ എത്തുന്ന ചില വ്യക്തികൾ ദേവസ്വം ബോർഡിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. സ്വർണക്കൊള്ള കേസ് അടക്കമുള്ള സംഭവങ്ങളിൽ ഇത്തരം ആളുകളുടെ ഇടപെടൽ വിവാദമായിരുന്നു. നിലവിൽ സ്പോൺസർമാർ ആവശ്യങ്ങളുമായി ബോർഡിനെ സമീപിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ ഇനി മുതൽ ദേവസ്വം ബോർഡിന് ആവശ്യമുള്ള കാര്യങ്ങൾ ബോർഡ് തന്നെ തീരുമാനിക്കുകയും അത് സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്ന രീതി നടപ്പാക്കും. ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കാനും 'അവതാരങ്ങളെ' സന്നിധാനത്തുനിന്ന് അകറ്റി നിർത്താനും ലക്ഷ്യമിട്ടാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.

പരിശോധന കർശനമാക്കും.

സ്പോൺസർമാരുടെ പ്രാഥമിക പട്ടിക ബോർഡ് തയാറാക്കി വരികയാണെന്നും സുതാര്യമായ രീതിയിൽ മാത്രമേ ഇനി മുതൽ സ്പോൺസർഷിപ്പ് അനുവദിക്കൂ എന്നും പ്രസിഡൻ്റ് വ്യക്തമാക്കി. ഇനിമുതൽ സ്പോൺസർഷിപ്പ് നൽകാൻ താത്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ സമർപ്പിക്കുന്ന അപേക്ഷകൾ ദേവസ്വം വിജിലൻസ് വിഭാഗത്തിൻ്റെ കൂടി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തുന്ന രേഖകൾ, ആദായനികുതി റിട്ടേണുകൾ, ആവശ്യമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടി വരും. ക്രിമിനൽ പശ്ചാത്തലമുള്ളവരോ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരോ ക്ഷേത്രകാര്യങ്ങളിൽ ഇടപെടുന്നത് തടയാൻ ഈ നടപടി അനിവാര്യമാണെന്നാണ് ബോർഡിൻ്റെ വിലയിരുത്തൽ.

വികസനം മാസ്റ്റർ പ്ലാൻ പ്രകാരംശബരിമല മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഇനി മുൻഗണന നൽകുക. മുൻകാലങ്ങളിൽ സ്പോൺസർമാരുടെ താത്പര്യത്തിനനുസരിച്ച് നിർമാണങ്ങൾ നടത്തിയത് പലപ്പോഴും അശാസ്ത്രീയമായ വികസനത്തിന് വഴിവച്ചിരുന്നു. ക്ഷേത്രത്തിൻ്റെ തനിമയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ മാത്രമേ ഇനി അനുവദിക്കൂ. അന്നദാനം, കുടിവെള്ള വിതരണം, ശുചീകരണം തുടങ്ങിയ ഭക്തജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന സേവനങ്ങൾക്ക് സ്പോൺസർഷിപ്പ് നൽകാൻ കൂടുതൽ പേരെ പ്രോത്സാഹിപ്പിക്കും.

സ്പോൺസർഷിപ്പിൻ്റെ മറവിൽ വിഐപി ദർശനം തരപ്പെടുത്തുന്ന പ്രവണതയും ഇതോടെ പൂർണമായും അവസാനിപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ എ ജെ പ്രമോദ്, ജി സുന്ദരേശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മകരവിളക്ക് ദർശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയായതായും ബോർഡ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News