Enter your Email Address to subscribe to our newsletters

New delhi, 13 ജനുവരി (H.S.)
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദര്‍ശനംനടത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പ്രതിനിധി സംഘം. തിങ്കളാഴ്ചയാണ് സിപിസി സംഘം ബിജെപി ഓഫീസിലെത്തിയത്. 2020-ലെ ഇന്ത്യ-ചൈന അതിര്‍ത്തിസംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.
സിപിസിയുടെ അന്താരാഷ്ട്രവിഭാഗം വൈസ് മിനിസ്റ്റര്‍ (ഐഡിസിപിസി) സണ്‍ ഹൈയാന്‍ നയിച്ച സംഘമാണ് ബിജെപി ആസ്ഥാനം സന്ദര്‍ശിച്ചതെന്ന് ബിജെപിയുടെ വിദേശകാര്യ വകുപ്പ് ഇന്‍ചാര്‍ജ് വിജയ് ചൗധായിവാലേ സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് നയിച്ച സംഘം, സിപിസി പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തി.
രണ്ടായിരമാണ്ടിന്റെ അവസാനം മുതല്‍ ബിജെപിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധങ്ങളുണ്ട്. ബിജെപിയുടെ നിരവധി പ്രതിനിധി സംഘങ്ങള്‍ ബെയ്ജിങ് സന്ദര്‍ശിക്കുകയും മുതിര്‍ന്ന ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ആര്‍എസ്എസ് അംഗങ്ങളുമായും സിപിസി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. പ്രേരണ ബ്ലോക്കില്‍ നടന്ന കൂടിക്കാഴ്ച മുപ്പതുമിനിറ്റോളം നീണ്ടെന്നാണ് സൂചന. ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ദത്താത്രേയ ഹൊസബലേ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S