Enter your Email Address to subscribe to our newsletters

Kerala, 13 ജനുവരി (H.S.)
സാധനങ്ങൾ 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന ആകർഷകമായ വാഗ്ദാനം ഓൺലൈൻ കമ്പനികൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ. ഡെലിവറി നടത്തുന്നവരുടെ സുരക്ഷ അപകടത്തിലാകുന്നു എന്ന് കണ്ടാണ് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ നിർദ്ദേശം നൽകിയത്. Zomato, Swiggy, Blinkit, Zepto തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം.
10 മിനിറ്റിനുള്ളിൽ സാധനം എത്തിക്കാൻ ഡെലിവറി ബോയ്‌സ് അമിതവേഗത്തിൽ വണ്ടി ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇതെല്ലാം മുന്നിൽ കണ്ടാണ് നിർദേശം. ഇതിനെത്തുടർന്ന് Blinkit പരസ്യത്തിൽ നിന്ന് '10 മിനിറ്റ്' എന്നത് മാറ്റി. പകരം 'വീട്ടുപടിക്കൽ എത്തിക്കും' എന്നാക്കി.
കൃത്യസമയത്ത് എത്തിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനെതിരെ ഡെലിവറി തൊഴിലാളികൾ നേരത്തെ സമരം ചെയ്തിരുന്നു.
ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന പുതിയ നിയമപ്രകാരം ഇത്തരം തൊഴിലാളികൾക്ക് ഇൻഷുറൻസും കൃത്യമായ ശമ്പളവും നൽകേണ്ടി വരും. 10 മിനിറ്റ് എന്നത് ഡെലിവറി നടത്തുന്നവർക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്നും ഈ തീരുമാനം അവർക്ക് വലിയ ആശ്വാസമാണെന്നും ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ പറഞ്ഞു.
പത്ത് മിനിറ്റിനുള്ളില്‍ പതിനായിരത്തിനു മുകളിലുള്ള സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാമെന്നായിരുന്നു പലവ്യഞ്ജന സാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ പരസ്യം. വേഗം വര്‍ധിക്കുന്നത് സാധനം വിതരണം ചെയ്യുന്നവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
2025 ഡിസംബര്‍ അവസാനം ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ സമരത്തിനൊരുങ്ങിയിരുന്നു. പുതുവര്‍ഷത്തലേന്ന് രാജ്യവ്യാപകമായി പണിമുടക്കുമെന്നാണ് തൊഴിലാളികള്‍ അറിയിച്ചത്. വേഗം കൂട്ടിയുള്ള വിതരണം അവസാനിപ്പിക്കണമെന്നതും തൊഴിലാളികളുടെ ആവശ്യമായിരുന്നു.
---------------
Hindusthan Samachar / Sreejith S