Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജനുവരി (H.S.)
പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) നാലാം പതിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത തലമുറയെ കരുതലോടെ വളർത്താൻ പുസ്തകങ്ങളെ കൂട്ടുപിടിക്കണം. ഇന്നത്തെ കുട്ടികൾ മൊബൈലിലും കമ്പ്യൂട്ടറിലും മുഴുകിയിരിക്കുന്നു എന്ന് പരാതിപ്പെടുന്നതിൽ കാര്യമില്ല. അവർക്ക് പുസ്തകങ്ങൾ കൈമാറാൻ മുതിർന്നവർ വായനയെ ജീവിതത്തിന്റെ ഭാഗമാക്കി മാതൃക കാണിക്കണം. പുസ്തകോത്സവം എന്നത് പുസ്തകങ്ങളുടെ പ്രദർശനത്തിനപ്പുറം വായനയുടെ ഉത്സവം കൂടിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്കാരത്തിലും രക്തത്തിലും ജനാധിപത്യമുണ്ടെന്ന് ഗവർണർ പറഞ്ഞു. ബിഹാറിലെ വൈശാലിയായാലും തമിഴ്നാട്ടിലെയും കേരളത്തിലെയും പുരാതന ഗ്രാമക്കൂട്ടായ്മകളായാലും നൂറ്റാണ്ടുകൾക്ക് മുൻപേ ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ചവരാണ് നമ്മൾ. വിമർശനങ്ങളെ ഭയപ്പെടാത്ത ഈ തുറന്ന രീതിയാണ് നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം. ആർക്കും ആരെയും വിമർശിക്കാം, ഇഷ്ടമുള്ളത് വായിക്കാനും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
നിയമസഭാ അങ്കണത്തിൽ ഇത്തരമൊരു പുസ്തകോത്സവം സംഘടിപ്പിക്കുന്ന കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റ് നിയമസഭകളും പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ലൈബ്രറിയെയും സ്പീക്കർ എ.എൻ. ഷംസീറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെയും ഗവർണർ അഭിനന്ദിച്ചു.
കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു: സ്പീക്കർ എ. എൻ. ഷംസീർ
കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു എന്നതിന് തെളിവാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ ഈ പുസ്തക മേളയേ പറ്റി മനസിലാക്കാനായി എത്തുന്ന ഉദ്യോഗസ്ഥരെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.
ഇതിന്റെ വിജയം പൂർണ്ണമായും നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടേതാണ്. അഞ്ചാം പതിപ്പ് വരുമ്പോൾ സ്പീക്കർ സ്ഥാനത്ത് മറ്റൊരാളായിരിക്കാം, പക്ഷേ ഇതിനേക്കാൾ മനോഹരമായി അത് സംഘടിപ്പിക്കാൻ ജീവനക്കാരുടെ സംഘാടനാ മികവിനാകുമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S