Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജനുവരി (H.S.)
തിരുവനന്തപുരം : കരമന-കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം, വെള്ളായണി, നേമം ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായതിനെകുറിച്ച് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറെ നിയോഗിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ദീർഘകാലം പ്രവർത്തനരഹിതമായതിന്റെ ഉത്തരവാദികളെ കണ്ടെത്തണം. ഇവ പ്രവർത്തനരഹിതമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം.
റോഡിലെ സീബ്രാലൈനുകൾ വ്യക്തമാണോ എന്ന് അസിസ്റ്റന്റ് കമ്മീഷണർ കണ്ടെത്തണം. അപകടങ്ങൾ പതിവായ സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ട്, ജില്ലാ പോലീസ് മേധാവി (സിറ്റി) കമ്മീഷനിൽ സമർപ്പിക്കണം. സിഗ്നൽ ലൈറ്റ് സംബന്ധിച്ച്
കെൽട്രോൺ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, കെൽട്രോൺ എം.ഡി. എന്നിവർക്ക് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറും ഫെബ്രുവരി 5 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് കമ്മീഷൻ ഓഫീസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിൽ പറഞ്ഞു.
കരമന-കളിയിക്കാവിള റോഡിൽ ട്രാഫിക് ലൈറ്റുകൾ കത്താത്തതു കാരണം അപകടങ്ങൾ പതിവാകുന്നതിനെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
---------------
Hindusthan Samachar / Sreejith S