കര്‍ണാടകയില്‍ നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ; ഡികെയുമായി ഒരു പ്രശ്‌നവുമില്ല; പ്രഖ്യാപനം രാഹുല്‍ ഗാന്ധിയെ കണ്ടശേഷം
Karnataka, 13 ജനുവരി (H.S.) കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ മാത്രമാണിതെന്നും അദ്ദേഹം
Siddaramaiah


Karnataka, 13 ജനുവരി (H.S.)

കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. താനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. വരാനിരിക്കുന്ന മാര്‍ച്ച് മാസത്തില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ചില എം എല്‍ എമാര്‍ നടത്തുന്ന പ്രസ്താവനകള്‍ കാര്യങ്ങള്‍ അറിയാതെയാണെന്നും അവ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഭരണരംഗത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഭരണഘടനാനുസൃതമായ കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിദ്ധരാമയ്യ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡി കെ ശിവകുമാര്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ ഡി കെ പിന്നോട്ടില്ലെന്ന സൂചനയാണോ ഇതെന്ന ചര്‍ച്ച രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായിട്ടുണ്ട്.

ഈ മാസം അവസാനം കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കുമ്പോള്‍ കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ സജീവാണ്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും ആവശ്യപ്പെടുന്നുണ്ട്. 2023ല്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ കടുത്ത മത്സരം നടന്നിരുന്നു.

ഒടുവില്‍ സിദ്ധരാമയ്യയാണ് മുഖ്യമന്ത്രിയായത്. തുടര്‍ന്ന് കോണ്‍ഗ്രസ്, ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി മാറുമെന്ന് അന്ന് വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ അടുത്തിടെയും വ്യക്തമാക്കിയത്. അതേസമയം സംസ്ഥാന സര്‍ക്കാരിനുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോ മറ്റു ആളുകളോ ഇപ്പോഴൊരു നേതാവിനെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News